X

ഗുജറാത്ത്; കോണ്‍ഗ്രസിന്റെ ഗ്രാഫ് മേലോട്ട്

ഗൂജറാത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന് തയ്യാറെടുക്കകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു തിരിച്ചുവരവ് സാധ്യമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഊര്‍ജ്ജമായി അത് മാറുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭകളിലേക്ക് 2018 ആദ്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനും അത് ഊര്‍ജ്ജം പകരും.

രാഹുല്‍ തരംഗമായി

സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പരിഹാസരൂപേണ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കു പോലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തത്തെ കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങളിലൂടെ നേരിടുന്ന രാഹുലിന്റെ രീതി ഗുജറാത്തിലെ ഗോദയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചതായിരുന്നു രാഹുലിന്റെ ഒടുവിലത്തെ ഹിറ്റ് കമന്റ്.

ജയമില്ലെങ്കിലും നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്

27 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിന് പുറത്താണ് കോണ്‍ഗ്രസ്. അതേസമയം 2002 മുതല്‍ ക്രമാനുഗതമായി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതാണ്. 38 ശതമാനം എന്ന അടിസ്ഥാന വോട്ടു വിഹിതം നിലനിര്‍ത്താന്‍ കഴിഞ്ഞതും ആശ്വാസം. 2002ല്‍ 51 സീറ്റിലാണ് കോണ്‍്ഗ്രസ് ജയിച്ചത്. വോട്ടു വിഹിതം 39.3 ശതമാനം. 2007ല്‍ സീറ്റിന്റെ എണ്ണം 59 ആയി ഉയര്‍ത്തി. അതേസമയം വോട്ടു വിഹിതം 38 ശതമാനത്തിലേക്ക് ചുരുങ്ങി. 2012ല്‍ സീറ്റിന്റെ എണ്ണം വീണ്ടും ഉയര്‍ന്ന് 61 ആയി. ഇത്തവണ വോട്ടു വിഹിതവും കൂടി. 38.93 ശതമാനം. 2002ല്‍നിന്ന് 2012ല്‍ എത്തുമ്പോള്‍ 10 സീറ്റ് കൂടി. വോട്ടു വിഹിതത്തില്‍ 0.10 സശതമാനത്തിന്റെ കുറവുണ്ടായി.

ഹര്‍ദി, മേവാനി, അല്‍പേഷ് മാറുന്ന ജാതി സമവാക്യങ്ങള്‍

ജാതി സമവാക്യങ്ങളാണ് ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ ഏറ്റവും കൂടുതല്‍ തല്ലിക്കെടുത്തുന്നത്. പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് സമര നായകന്‍ ജിഗ്നേഷ് മേവാനി, പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ രംഗപ്രവേശം ഗുജറാത്ത് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. സമീപ കാലത്ത് സംസ്ഥാനത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തെ ഇളക്കിമറിച്ച സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഈ യുവത്രയങ്ങള്‍. പ്രത്യേകിച്ച് പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍. മൂവരും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതും ബി.ജെ.പിയെ പൊതുശത്രുവായി പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. ജിഗ്നേഷ് മേവാനി രാഹുലുമായി വേദി പങ്കിട്ടതോടെ, ബി.ജെ.പിക്കെതിരായ കൂട്ടായ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഇത് ജനവിധിയില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

chandrika: