X
    Categories: MoreViews

ആരാകും രാജ; രാജ്‌കോട്ടില്‍ പോരാട്ടത്തിന്റെ തീച്ചൂട്

രാജ്‌കോട്ടില്‍ നിന്ന്
എം അബ്ബാസ്

സൗരാഷ്ട്രയുടെ ഹൃദയമാണ് രാജ്‌കോട്ട്. നഗരത്തിന്റെ മട്ടു കണ്ടാലറിയാം തെരഞ്ഞെടുപ്പിന്റെ തീച്ചൂട്. നഗരം നിറയെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കൂറ്റന്‍ ഫ്‌ളക്‌സുകള്‍. തെരുവുകളില്‍ ഇരുകക്ഷികളുടെയും പതാകകള്‍. ഇതിവിടെ പതിവില്ലാത്തതാണ്. 1985 മുതല്‍ തുടര്‍ച്ചയായി ഒമ്പതു തവണ ബി.ജെ.പിയെ മാത്രം അനുഗ്രഹിച്ച ചരിത്രമാണ് മുഖ്യമന്ത്രി വിജയ് രൂപാണി അങ്കത്തിനിറങ്ങുന്ന പടിഞ്ഞാറന്‍ രാജ്‌കോട്ടിനുള്ളത്. 67ല്‍ മണ്ഡലം നിലവില്‍ വന്ന ശേഷം രണ്ടേ രണ്ടു തവണ മാത്രമേ കോണ്‍ഗ്രസ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളൂ. 72ലും 80ലും. ഇത്തവണ അല്‍പ്പം ഭിന്നമാണ് കാര്യങ്ങള്‍. ഇന്ദ്രനീല്‍ രാജ്ഗുരുവെന്ന മുന്‍ ഡെപ്യൂട്ടി മേയര്‍ കോണ്‍ഗ്രസിനായി അങ്കത്തട്ടിലിറങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

സ്വന്തം മണ്ഡലമായ രാജ്‌കോട്ട് പൂര്‍വ വിട്ടാണ് രൂപാണിയെ തന്നെ ഒന്നു മുട്ടാം എന്ന തീരുമാനവുമായി രാജ്ഗുരു വെസ്റ്റിലെത്തുന്നത്. ചില്ലറക്കാരനല്ല രാജ്ഗുരു. 141 കോടി രൂപയുടെ ആസ്തിയുള്ള ഗുജറാത്തിലെ അതിസമ്പന്ന സ്ഥാനാര്‍ത്ഥി. നഗരത്തിലുടനീളം മോദിക്കും മുകളില്‍ വെച്ചുകെട്ടിയ രാജ്ഗുരുവുന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ആ പണക്കൊഴുപ്പ് വായിച്ചെടുക്കാം. ബോര്‍ഡുകള്‍ മാത്രമല്ല, സദാസന്നദ്ധരായ, സ്വന്തം ചിത്രമുള്ള ടീഷര്‍ട്ടുകളണിഞ്ഞ യുവാക്കളും യുവതികളും പ്രചാരണത്തില്‍ സജീവം. ഇത്തവണ അട്ടിമറിക്കും എന്ന ആത്മവിശ്വാസം എല്ലാവരുടെയും വാക്കുകളില്‍. ഗാന്ധിധാമില്‍നിന്നുള്ള യാത്രയ്ക്കിടെ അടുത്തിരുന്ന നര്‍ഗ്രാം എന്ന ബാര്‍ബറും നഗരത്തിലെ ഓട്ടോക്കാരനും അതുപറഞ്ഞു; ‘ദോനോം ത്വാഖത്‌വാലാ ഹെ, ജാന്‍താ നഹീ ഹെ സാബ്, കോന്‍ ജീതേഗാ’ (രണ്ടുപേരും കഴിവുള്ളവര്‍. ആരു ജയിക്കുമെന്ന് പറയാനാകില്ല).

രാജ്ഗുരുവിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു താഴെ കോണ്‍ഗ്രസ് പതാകകളും ബാനറുകളും കൂട്ടിവെച്ച മുറിയില്‍ നിന്ന് പ്രാദേശിക നേതാവ് ഹബീബ് ഖാന്‍, രാജ്ഗുരു ജയിക്കുമെന്ന് തന്നെ തറപ്പിച്ചു പറഞ്ഞു. ‘ഞങ്ങളുടെ കൃഷിപ്പാടങ്ങളില്‍ വെള്ളമില്ല. ഈ പ്രശ്‌നം പരിഹരിക്കാനായി ഒരു കുളം പോലും മോദിയോ ബി.ജെ.പിയോ കുഴിച്ചിട്ടില്ല. ഇത്തവണ ഞങ്ങള്‍ പിടിച്ചടക്കും’ – തൂവെള്ള പൈജാമയും ജുബ്ബയുമിട്ട അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയെ ആത്മവിശ്വാസം. അതുവെറുതെയല്ലെന്ന് രാജ്‌കോട്ട് നഗരത്തിലെ കോണ്‍ഗ്രസിന്റെ പ്രചാരണം കണ്ടപ്പോള്‍ തോന്നി.

പാട്ടുംപാടി ജയിക്കേണ്ട സ്ഥലത്ത് കോണ്‍ഗ്രസ് കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ മണ്ഡലം പിടിക്കേണ്ടത് ബി.ജെ.പിയുടെ അഭിമാനപ്രശ്‌നമായി. ഞായറാഴ്ച നഗരത്തിലെ റാലിയില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ അത് ദൃശ്യമായിരുന്നു. ‘ ഒരു എം.എല്‍.എയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. എല്ലാം രാജ്‌കോട്ടില്‍ നിന്നാണ് ആരംഭിച്ചത്. നിങ്ങളാണ് ആദ്യമായി എന്നെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്്. രാജ്‌കോട്ടിലെ നൂറു കണക്കിന് ആളുകളുടെ പേരറിയാവുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍ നിങ്ങളുടേത്. അതൊരു മാറ്റമല്ലേ.. ഗുജറാത്ത് വികസത്തിന്റെ പാതയിലാണ്. നിങ്ങളുടെ സ്വന്തം മകന്‍ ഡല്‍ഹിയിലുണ്ട്. നരേന്ദ്രഭായ്, ഇത് ചെയ്യേണ്ടതുണ്ട് – എന്ന് നിങ്ങള്‍ക്കു വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരാള്‍’ – പ്രാദേശിക വികാരം കൂട്ടുപിടിച്ചുള്ള മോദിയുടെ വാക്കുകള്‍.

മുഖ്യമന്ത്രിയായിട്ടും രൂപാണിയുടെ നിഴല്‍ മാത്രമേ മണ്ഡലത്തിലുള്ളൂ. ബാനറുകളിലും പോസ്റ്ററുകളിലും നിറഞ്ഞു നില്‍ക്കുന്നത് മോദി. പാകിസ്താനെതിരെയുള്ള സൈന്യത്തിന്റെ മിന്നലാക്രമണത്തെ വരെ വോട്ടാക്കി മാറ്റാനുള്ള ഹോള്‍ഡിങുകള്‍ നഗരം നിറയെ. സൗരാഷ്ട്രയിലെ ഏറ്റവും വലിയ മണ്ഡലമായ രാജ്‌കോട്ടില്‍ മൂന്നുലക്ഷത്തിലേറെയാണ് വോട്ടര്‍മാര്‍.

എഴുപതിനായിരത്തോളം വരുന്ന പട്ടേലുമാര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. കദ്വ പട്ടേലുമാര്‍ 42000 വും ലേവ പട്ടേലുമാര്‍ 32000 വും വരും. 25000 ത്തിലധികം ബ്രാഹ്മണര്‍, 35000 ക്ഷത്രിയര്‍, 25000 വനിയകള്‍, 22000 മുസ്്‌ലിംകള്‍, പത്തായിരത്തില്‍ താഴെ ജൈനമതക്കാര്‍- എന്നിങ്ങനെ മണ്ഡലത്തിലെ ജാതി മതക്കണക്ക്. ബ്രാഹ്മണനാണ് രാജ്ഗുരു. രൂപാണി ജൈനനും. സൗരാഷ്ട്രയിലെ ഹര്‍ദിക് പട്ടേല്‍ സ്വാധീനം 10-15 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിലേക്കു കൊണ്ടുവരും എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഹര്‍ദികിന്റെ ആള്‍ക്കൂട്ടം മുഴുവന്‍ വോട്ടാകില്ലെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. 2012 ല്‍ വിജുഭായ് വാല 24500 വോട്ടുകള്‍ക്കാണ് ഇവിടെ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചത്. വാല കര്‍ണാടക ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് 2014ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപാണിക്ക് കിട്ടിയത് 14728 വോട്ടിന്റെ ഭൂരിപക്ഷം. ആഞ്ഞുപിടിച്ചാല്‍ ഇത് മറികടക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മോദിയുടെയും അമിത്ഷായുടെയും നിഴലില്‍ നില്‍ക്കുന്ന രൂപാണിക്കു മേല്‍ പാര്‍ട്ടിയേക്കാള്‍ വലുപ്പമുള്ള രാജ്ഗുരുവിനെ കാണുമ്പോള്‍ ആ സാധ്യത തള്ളിക്കളയാനാകില്ല.

chandrika: