X

ഗുജറാത്ത്; വര്‍ഗീയത ഉയര്‍ത്തി കളം പിടിക്കാന്‍ വീണ്ടും ബി.ജെ.പി

അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യം ഭരിച്ചിട്ടും ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണത്തിന് മുഖ്യവിഷയം പതിവ് വര്‍ഗീയ ചേരുവകള്‍ തന്നെ. മോദിയുടെ വികസന മാതൃകയായ ഗുജറാത്തില്‍ മുസ്‌ലിംകളോ അവരുടെ പ്രശ്‌നങ്ങളോ ഒരു വിഷയമേ അല്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷി ഇറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്റ് ആര്‍.എസ്.എസിന്റെ പ്രാദേശിക യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രി രൂപാണി, ദേശീയ അധ്യക്ഷന്‍ ഷാ, പ്രധാനമന്ത്രി മോദി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (ആര്‍.എ.എം) റാം എന്നും ഇതിന് നേരെ അയോധ്യയിലെ നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ മാതൃകയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഹര്‍ദിക്, അല്‍പേഷ്, ജിഗ്നേഷ് എന്നിവരുടെ ചിത്രവും ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് (എച്ച്.എ.ജെ) ഹാജ് എന്നും ഇതിന്റെ നേരെ കഅ്ബയുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.

ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുറന്നുകാട്ടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ് ആപ്പിലൂടെ പസംഗി തമാരി (നിങ്ങളുടെ തെരഞ്ഞെടുക്കല്‍) എന്ന പേരില്‍ റാം വേണോ ഹാജ് വേണോ എന്ന ചോദ്യവുമായി അതിവേഗം ഈ പോസ്റ്റര്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. അഹമ്മദാബാദിലെ അമരൈവാഡി നഗറിലെ പ്രദേശിക ആര്‍.എസ്.എസ് വിഭാഗമാണ് പോസ്റ്ററിനു പിന്നിലെന്നാണ് ദേശീയ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നതിന്റെ ആദ്യ സൂചനകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് രാജ്യസഭാ എം.പിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായ അഹമ്മദ് പട്ടേലിന് ഐ.എസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിജയ് രൂപാണി രംഗത്തുവന്നിരുന്നു. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആസ്പത്രിയില്‍ നിന്നും ഐ.എസ് അംഗത്തെ പിടികൂടിയെന്നാരോപിച്ചാണ് ഈ ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

അതേ സമയം ഇത്തരം പ്രകോപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. 2007ല്‍ കോണ്‍ഗ്രസ് അധ്യക്ഷ മോദിയെ മരണത്തിന്റെ വ്യാപാരി എന്നു വിശേഷിപ്പിച്ചത് വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു പിന്നീട് ബി.ജെ.പി വോട്ടു പിടിച്ചത്. ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരുടെ വരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത തലവേദനയാണ് സംസ്ഥാനത്തുണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വികസനത്തിലൂന്നി വോട്ടു പിടിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ കണക്കുകൂട്ടുന്നുണ്ട്.

ഗുജറാത്തിലെ വോട്ടര്‍മാരില്‍ ദളിതുകള്‍ ഏഴു ശതമാനവും പട്ടീദാര്‍ വിഭാഗം 12 ശതമാനവും വരും. വടക്കന്‍ ഗുജറാത്തിലും തെക്കന്‍ ഗുജറാത്തിലും വോട്ടിങ് ക്രമത്തില്‍ ഇവരുടെ നിലപാട് കാര്യമായ മാറ്റം വരുത്തും. ഒ.ബി.സിക്കാരില്‍ പകുതിയോളം വരുന്ന താക്കൂര്‍ വിഭാഗക്കാര്‍ വടക്കന്‍ ഗുജറാത്തിലാണുള്ളത്. കിഴക്കന്‍ ഗുജറത്തിലെ ആദിവാസി മേഖലയിലെ 15 ശതമാനം വോട്ടുകളും എങ്ങോട്ടെന്നത് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്ന നിലയിലാണ്. ബി.ജെ.പി 80 സീറ്റുകളില്‍ ഒതുങ്ങുമെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. 12 ശതമാനം വരുന്ന പട്ടേല്‍ വിഭാഗം തുണി, രത്‌ന വ്യാപാര മേഖലയും കൃഷി, വ്യവസായം എന്നിവയും നിയന്ത്രിക്കുന്ന സംസ്ഥാനത്തെ സ്വാധീന വിഭാഗമാണ്.

പരമ്പരാഗതമായി ബി.ജെ.പിയുടെ വോട്ടുബാങ്ക് കൂടിയാണിവര്‍. 45 മണ്ഡലങ്ങളാണ് 11 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്രയിലെ പട്ടേല്‍ മേഖലയിലുള്ളത്. 2012ല്‍ കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയാണ് ബി.ജെ.പിയെ ഇവിടെ രക്ഷപ്പെടുത്തിയത്. കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കിയ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടി രണ്ട് സീറ്റു നേടിയപ്പോള്‍ 13 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

32 സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ചത്. ഏഴു ശതമാനത്തോളം വരുന്ന ദളിതുകള്‍ മുമ്പ് തങ്ങളുടെ ശബ്ദം ഉയര്‍ത്തിയിട്ടില്ലെങ്കിലും ഉനയില്‍ ദളിതുകളെ സവര്‍ണര്‍ പീഡിപ്പിച്ചതോടെയാണ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ആദ്യമായി രംഗത്തുവരുന്നത്. നേരത്തെ സ്വന്തം നേതാക്കന്‍മാരില്ലാത്തതിനാല്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന ഇവര്‍ ഇത്തവണ പതിവ് രീതിയില്‍ നിന്നും മാറിയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 എസ്.സി സംവരണ മണ്ഡലങ്ങളില്‍ 10 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്. മൂന്നിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ജയിക്കാനായത്.

chandrika: