X

ഗുജറാത്ത് തെരഞ്ഞെടുപ്പ്; എ.എ.പിക്ക് കനത്ത തിരിച്ചടി, പലയിടത്തും കെട്ടിവെച്ച കാശു നഷ്ടമായി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം ദയനീയമെന്ന് കണക്കുകള്‍. ഗുജറാത്തില്‍ 29 സീറ്റുകളില്‍ എ.എ.പി മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്ക്‌മൊത്തം കിട്ടിയ വോട്ട് 29,517. അതേസമയം നോട്ടയ്ക്ക് ലഭിച്ചതാകട്ടെ 75,880 വോട്ടുകളും. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം, ഗുജറാത്തിലും സ്ഥിതി ഒട്ടും മെച്ചപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്കായില്ല.

എ.എ.പി ടിക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ചോട്ട ഉദയ്‌പോര്‍ മണ്ഡലത്തില്‍ മത്സരിച്ച അര്‍ജുന്‍ഭായ് വെര്‍സിങ്ഭായ് റത്‌വയ്ക്കാണ് .4551 വോട്ടുകളാണ് റത്‌വയ്ക്ക് ലഭിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍സിന് ചോട്ടുഭായ് 46.04 ശതമാനം വോട്ടുമായി ജയിച്ചപ്പോള്‍ എ.എ.പി സ്ഥാനാര്‍ത്ഥിക്ക് 2.79 ശതമാനമാണ്. ഇവിടെയും നോട്ടയാണ് മൂന്നാം സ്ഥാനത്ത്.

അങ്കലേഷ്‌വാര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് നേടിയ എ.എ.പി സ്ഥാനാര്‍ത്ഥിയുള്ളത്. 243 വോട്ടുകളാണ് ഇവിടെ നേടിയത്. ഒട്ടുമിക്ക മണ്ഡലങ്ങളിലും നോട്ടയ്ക്ക് ലഭിച്ച വോട്ടിനെക്കാളും കുറവാണ് ആംആദ്മി പാര്‍ട്ടി നേടിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പലയിടത്തും പാര്‍ട്ടിക്ക് കെട്ടിവെച്ച കാശുപോലും നഷ്ടമായി.

തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച പാര്‍ട്ടി, ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ കടുത്ത നിരാശ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ എ.എ.പി നേടിയ വോട്ടുകളുടെ എണ്ണം പാര്‍ട്ടിയെ നിരാശപ്പെടുത്തുന്നതാണ്. പ്രചാരണത്തിലുണ്ടായ കുറവും പോരായ്മയുമാണ് പരാജയത്തിനു പിന്നിലെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.

 

മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡല്‍ഹി ഭരണത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും എ.എ.പി നേതാക്കള്‍ പറഞ്ഞിരുന്നു.എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം മാറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

chandrika: