X

ഗുജറാത്തില്‍ ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിന് നേരെ മേല്‍ജാതിക്കാരുടെ കല്ലേറ്

അഹമ്മദാബാദ്: ദളിത് കുടുംബത്തിന്റെ വിവാഹാഘോഷത്തിനു നേരെ ഉയര്‍ന്ന ജാതിക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സംഘര്‍ഷം. ആരാവല്ലി ജില്ലയിലെ ഖംഭിസാര്‍ ഗ്രാമത്തിലാണ് സംഭവം. പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്താണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അടുത്ത ദിവസങ്ങളിലായി ദളിതര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഗുജറാത്തില്‍ വര്‍ധിച്ചിരിക്കുകയാണ്.
ഞായറാഴ്ചയാണ് വിവാഹഘോഷയാത്രക്കു നേരെ കല്ലേറുണ്ടായത്. ദളിതര്‍ വിവാഹഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ദളിതര്‍ പൊലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ ഘോഷയാത്ര മുന്നേറുമ്പോഴാണ് കല്ലേറുണ്ടായത്. താക്കൂര്‍ ജാതിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരെ ആക്രമണം നടത്തിയത്.
വിവാഹഘോഷയാത്ര പോകുന്ന റോഡുകളിലെല്ലാം ഘോഷയാത്ര മുടക്കാനായി മേല്‍ജാതിക്കാര്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയിരുന്നു. മേല്‍ജാതിക്കാരുടെ അക്രമം തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും അനുമതി കിട്ടിയിരുന്നു. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ മേല്‍ജാതിക്കാര്‍ ദലിതരുടെ വിവാഹാഘോഷത്തിന് തടസ്സം നില്‍ക്കുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ പൊലീസ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
സബര്‍കാന്ത ജില്ലയിലെ ഒരു ഗ്രാമത്തിലും ഞായറാഴ്ച സമാനതകളുള്ള ഒരു സംഭവം നടന്നിരുന്നു. ഇവിടെ ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള ആക്രമണം ഭയന്ന് വിവാഹ ഘോഷയാത്രക്ക് സംരക്ഷണം വേണമെന്ന് ദളിത് വിഭാഗക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സന്നാഹത്തിന്റെ സംരക്ഷണത്തിലായിരുന്നു വിവാഹം നടന്നത്. ദളിതര്‍ ഗ്രാമത്തിലൂടെ വിവാഹഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ക്കുന്നത് ഗുജറാത്തില്‍ വ്യാപകമായിരിക്കുകകയാണ്. മൂന്നുദിവസം മുമ്പ് ദളിത് വിഭാഗക്കാരനായ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹം പോലും നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യമായി വന്നു.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് വിവാഹ ചടങ്ങിന് കുതിരപ്പുറത്ത് എത്തിയ ദളിത് യുവാവിനും സമുദായത്തിനും മേല്‍ജാതിക്കാര്‍ വിലക്ക് കല്‍പ്പിച്ചത്.
മെയ് ഏഴിന് നടന്ന വിവാഹച്ചടങ്ങില്‍ വരന്‍ കുതിരപ്പുറത്ത് എത്തിയത് ചടങ്ങില്‍ പങ്കെടുത്ത മേല്‍ജാതിക്കാരെ ചൊടിപ്പിച്ചതാണ് ഊരുവിലക്കിലേക്ക് നയിച്ചത്. ദളിത് വിഭാഗത്തിന് ഒന്നടങ്കമാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിലക്കിന്റെ ഭാഗമായി ഗ്രാമത്തിലുള്ളവര്‍ ഇവര്‍ക്ക് ഭക്ഷണമോ ജോലിയോ നല്‍കരുതെന്നും പൊതുവാഹനങ്ങളില്‍ ഇരിക്കാന്‍ സീറ്റ് നല്‍കരുതെന്നും ഗ്രാമ പ്രമുഖര്‍ ഉത്തരവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദളിത് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്ന് ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നതെന്നത് ബി.ജെ.പുയുടെ ദളിത് വിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ ആല്‍വാറില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മായാവതിക്കെതിരെ മോദി ആയുധമാക്കിയിരുന്നു.

chandrika: