വിവാദ തീരുമാനവുമായി ഗുജറാത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഹിന്ദു പേരുകളുള്ളതും എന്നാല്‍ മുസ്‌ലിംകള്‍ ഉടമസ്ഥരായുള്ള ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കിയതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദായത്. ഇതോടെ ജിഎസ്ആര്‍ടിസി ബസുകള്‍ ഈ ഹോട്ടലുകളില്‍ നിര്‍ത്തില്ല.
വഡോദര, രാജ്‌കോട്ട്, പാലന്‍പൂര്‍, ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ബറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഹിന്ദു ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മുസ്‌ലിം ഉടമസ്ഥര്‍ ഹിന്ദു പേരുകള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അന്വേഷിച്ചെന്നും ജിഎസ്ആര്‍ടിസി പറയുന്നു.
ഹോട്ടലുകള്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകള്‍ ഹിന്ദു പേരുകള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയിരുന്നത് എന്നാണ് ജിഎസ്ആര്‍ടിസി ആരോപിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്ത് എത്തി. ഹിന്ദുമുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്‍ശനം.
”ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ ഞങ്ങളുടെ ബിസിനസുകള്‍ ലക്ഷ്യമിടുന്നുവെന്ന്’വഡോദരയിലെ ഹോട്ടല്‍ ഉടമ മുഹമ്മദ് അസ്‌ലം പറഞ്ഞതായി ക്ലാരിയോന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങളുടെ നിലനില്‍പ്പിന് നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ആര്‍ടിസിയുടെ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രാദേശിക മുസ്‌ലിം നേതാക്കളും രംഗത്ത് എത്തി. മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ നീക്കം വിശാല രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു. നീക്കം മുസ്‌ലിം സംരംഭകരെ അകറ്റാനും ഭയപ്പെടുത്താനുമുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു പ്രമുഖ സമുദായ നേതാവ് സഫര്‍ ആലം വ്യക്തമാക്കിയത്.
സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുന്ന ജിഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ഹൈവേയിലെ ചില ഹോട്ടലുകളില്‍ നിര്‍ത്താറുണ്ട്. ഇതിനായി, കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും ടെന്‍ഡറുകള്‍ ക്ഷണിക്കാറുണ്ട്. ലൈസന്‍സ് റദ്ദാക്കിയതോടെ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല.