അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും രണ്ട് ഗംഭീര പോരാട്ടങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരും ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായി ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോള്‍ രാത്രി ഹൈദരാബാദില്‍ നടക്കുന്ന അങ്കത്തില്‍ സണ്‍റൈസേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഗംഭീര ഫോമിലാണ് ഗുജറാത്ത്. ആദ്യ രണ്ട് മല്‍സരങ്ങളിലും സുന്ദരമായി ജയിച്ചവര്‍. വീണ്ടും സ്വന്തം വേദിയില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദമില്ല.
കൊല്‍ക്കത്തക്കാരാവാട്ടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ മറിച്ചിട്ടവരാണ്. ആ ആത്മവിശ്വാസത്തിലാണ് നിതിഷ് റാണയും സംഘവും എത്തിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് ബാറ്റിംഗില്‍ ഡേവിഡ് മില്ലര്‍ ഉള്‍പ്പെടെ കരുത്തരുണ്ട്. റാഷിദ് ഖാന്‍ പോലും അതിവേഗതയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഏത്ര വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും ഗുജറാത്തിനാവും. വൃദ്ധിമാന്‍ സാഹക്കൊപ്പമാണ് ഗില്‍ ഓപ്പണിംഗിനെത്താറ്. അവസാന മല്‍സരത്തില്‍ മിന്നിയ യുവ ബാറ്റര്‍ സായ് സുദര്‍ശനുള്‍പ്പെടുന്ന മധ്യനിരക്കാരും ഫോമിലാണ്. മുഹമ്മദ് ഷമിയാണ് ബൗളിംഗിന് നേതൃത്വം നല്‍കുന്നത്. റാഷിദ്ഖാന്റെ സ്പിന്നും അല്‍സാരി ജോസഫിന്റെ വേഗവുമാവുമ്പോള്‍ ഭയപ്പെടാനില്ല.
കൊല്‍ക്കത്തക്കാര്‍ ഈഡനില്‍ ശക്തരായ ബെംഗളുരുവിനെ മറികടന്നത് സ്പിന്‍ മികവിലായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരേനുമെല്ലാം മിന്നിയപ്പോള്‍ വിരാത് കോലിയെയും ഫാഫ് ഡുപ്ലസിയെയും ഗ്ലെന്‍ മാക്‌സ്‌വെലിനെയുമെല്ലാം എളുപ്പത്തില്‍ പറഞ്ഞയക്കാന്‍ അവര്‍ക്കായി. പക്ഷേ ബാറ്റിംഗില്‍ പ്രശ്‌നങ്ങളുണ്ട്. നായകന്‍ നിതിഷ് റാണ, റിങ്കുസിംഗ്, ആന്ദ്രെ റസല്‍ എന്നിവര്‍ക്കൊന്നും വലിയ സ്‌ക്കോര്‍ നേടാനായിട്ടില്ല. ഓപ്പണര്‍ റഹ്മത്തുല്ല ഗുര്‍ബാസ് മാത്രമാണ് സ്ഥിരത കാട്ടുന്നത്. അവസാന മല്‍സരത്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ നടത്തിയ വെടിക്കെട്ടാണ് ടീമിന് മാന്യമായ സ്‌ക്കോര്‍ സമ്മാനിച്ചത്.