കൊല്‍ക്കത്ത: ഇത് വരെ മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍. മുംബൈയിലും പൂനെയിലുമായി രണ്ട് മാസം. ഇന്ന് കളി കൊല്‍ക്കത്തയിലാണ്. ഈഡന്‍ ഗാര്‍ഡന്‍സിലാണ്. ആദ്യ പ്ലേ ഓഫില്‍ ഗുജറാത്ത്് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം.
ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബെര്‍ത്ത്് ഉറപ്പായതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. തോല്‍ക്കുന്നവര്‍ക്ക് ഒരു മല്‍സരത്തില്‍ കൂടി അവസരമുണ്ടെന്നത് ആശ്വാസകരവും.പ്രാഥമിക റൗണ്ടിലെ കരുത്തരായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത്. ആദ്യമായി ഐ.പി.എല്‍ കളിക്കുന്നവര്‍ എന്ന സമ്മര്‍ദ്ദമകറ്റി ഗംഭീരമായി കളിച്ചവര്‍. 14 മല്‍സരങ്ങളില്‍ പത്തിലും ജയിച്ചവര്‍. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതം. ഏത് ഘട്ടത്തിലും ആക്രമിക്കാനുള്ള മനസും താരങ്ങളും. ബൗളിംഗിലും അനുഭവ സമ്പത്തുള്ളവര്‍.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സ്ഥിരതയില്‍ പിറകിലാണെങ്കിലും പ്രാഥമിക റൗണ്ടില്‍ 14 ല്‍ ഒമ്പതില്‍ ജയം കണ്ടിട്ടുണ്ട്. ഗുജറാത്തിന് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കിയത്. ബാറ്റിംഗില്‍ ടീമിന് പ്രശ്‌നങ്ങളുണ്ട്. ജോസ് ബട്‌ലര്‍ എന്ന ഓപ്പണര്‍ റണ്‍സ് നേടുമ്പോള്‍ മാത്രമാണ് ടീമിന് വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനാവുന്നത്. പക്ഷേ ബൗളിംഗില്‍ വിശ്വസ്തരായ നാല് പേരുണ്ട്. പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും പ്രസീത് കൃഷ്ണയും സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും രവിചന്ദ്രന്‍ അശ്വിനും. ടീമിന്റെ പ്രധാന വിജയ ഘടകം പലപ്പോഴും ബൗളര്‍മാരായിരുന്നു.
ലങ്കക്കാരനായ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാനെ ഒരുക്കുന്നത്. അദ്ദേഹം ശുഭാപ്തി വിശ്വാസത്തിലാണ്. ബട്‌ലര്‍ വലിയ സ്‌ക്കോര്‍ നേടുമെന്നും ഗുജറാത്തിനെ തോല്‍പ്പിക്കാനാവുമെന്നുമാണ് സങ്ക പറയുന്നതെങ്കില്‍ ഗുജറാത്തിന്റെ നായകന്‍ ഹാര്‍ദ്ദിക് സമ്മര്‍ദ്ദമില്ലെന്നാണ് വിശദീകരിക്കുന്നത്. രാജസ്ഥാന്‍ നന്നായി കളിക്കുന്നവരാണ്. നല്ല ബാറ്റര്‍മാരും ബൗളര്‍മാരും. പക്ഷേ അവരെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിക്കാനായതാണ് ഞങ്ങളുടെ കരുത്ത്. പക്ഷേ കളി ഈഡനിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്നും നായകന്‍ പറഞ്ഞു. മല്‍സരം 7-30 മുതല്‍.
ഈഡന്‍ നിറയും
കൊല്‍ക്കത്ത: കൂറെ കാലമായി ഈഡന്‍ ഗാര്‍ഡന്‍ നിറഞ്ഞ് കണ്ടിട്ട്. രാജ്യത്തെ ഏറ്റവും മികച്ച മൈതാനങ്ങളിലൊന്നായ ഈഡനില്‍ ഇന്ന് കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ടിക്കറ്റുണ്ട്. അതിനാല്‍ തന്നെ ഗ്യാലറി നിറയാനാണ് സാധ്യത. വലിയ വേദിയായതിനാല്‍ വലിയ സ്‌ക്കോര്‍ നേടുക എളുപ്പമായിരിക്കില്ല. തുടക്കത്തില്‍ പേസും പിന്നെ സ്പിന്നുമാണ് ഈഡനിലെ പ്ലസ്. അതിനാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരു പോലെ സാധ്യതയുണ്ട്.
ബട്‌ലര്‍ ഷമി
കൊല്‍ക്കത്ത: രണ്ട് കിടിലന്‍ സെഞ്ച്വറികള്‍ക്ക് ശേഷം ജോസ് ബട്‌ലറുടെ ബാറ്റ് ആക്രമണവീര്യം പൂണ്ടിട്ടില്ല. ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്വാളിഫയറില്‍ ഇംഗ്ലീഷുകാരന്‍ വെടിക്കെട്ട് നടത്തുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ആരാധകര്‍. ഗുജറാത്ത് സീമര്‍ മുഹമ്മദ് ഷമിയും ബട്‌ലറും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാ പ്രധാനം. ഗുജറാത്തിന്റെ ന്യൂ ബോള്‍ ബൗളറാണ് ഷമി. അനുഭവ സമ്പന്നന്‍. തുടക്കത്തിലെ സാഹചര്യങ്ങള്‍ ഷമി ഉപയോഗപ്പെടുത്തിയാല്‍ ബട്‌ലറുടെ ആക്രമണം നടക്കില്ല. ബട്‌ലര്‍ അല്‍പ്പസമയം ക്രീസില്‍ ചെലവഴിച്ചാല്‍ രാജസ്ഥാന്റെ സ്‌ക്കോര്‍ കുതിച്ചുയരും. ആ തുടക്കം ഉപയോഗപ്പെടുത്താന്‍ സഞ്ജു, ദേവ്ദത്ത്് പടിക്കല്‍, ഹെത്തിമര്‍ തുടങ്ങിയവരുണ്ട്. ഇന്നത്തെ ഓപ്പണിംഗ് സഖ്യം ബട്‌ലറും ജയ്‌സ്‌വാളുമാണെന്ന് സഞ്ജു സൂചിപ്പിച്ചു. നായകന്‍ പതിവ് പോലെ മൂന്നാം നമ്പറില്‍. നാലില്‍ ദേവ്ദത്ത്. പിന്നെ കളിയെ ആശ്രയിച്ചാണ്. അഞ്ചാം നമ്പറില്‍ അശ്വിനെ ഇറക്കി പരീക്ഷണം നടത്താനും റെഡി. ഹെത്തിമര്‍ ഫിനിഷറാണ്. ആ ഘട്ടത്തില്‍ അദ്ദേഹവും വരും. സാമാന്യ സ്‌ക്കോര്‍ സ്വന്തമാക്കിയാല്‍ അത് പ്രതിരോധിക്കാന്‍ ബോള്‍ട്ടും പ്രസീതും ചാഹലും അശ്വിനു ധാരാളമാണെന്നാണ് സഞ്ജു കരുതുന്നത്. അപാര ഫോമിലാണ് ചാഹല്‍. സീസണില്‍ കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നര്‍. ചാഹലിനൊപ്പം അശ്വിനും വിക്കറ്റ് വേട്ടയില്‍ കരുത്തനാണ്. ഈ രണ്ട് പേരുടെയും ഓവറുകളായിരിക്കും മല്‍സരത്തില്‍ ഗുജറാത്തിന് വെല്ലുവിളി.
ഹര്‍ദിക് ചഹല്‍
ഗുജറാത്തിന്റെ കരുത്ത് നായകന്‍ ഹാര്‍ദിക് തന്നെ. തകര്‍പ്പന്‍ ഫോമിലാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ വര്‍ധിത സന്തോഷം വേറെയും. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടുന്നവര്‍. ഇവര്‍ക്ക് ശേഷമാണ് ഹാര്‍ദിക് വരുക. ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തേവാതിയ, മാത്യു വെയിഡെ എന്നിവരും കരുത്തര്‍. ഹാര്‍ദിക്കിനെ നേരിടാന്‍ റോയല്‍സ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍ ഒരുക്കമാണ്. ബൗളിംഗില്‍ ടീമിന്റെ വജ്രായുധം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് ഷമിയാണ് പുതിയ പന്തെടുക്കുക. ലോക്കി ഫെര്‍ഗൂസണ്‍, ഹാര്‍ദിക്, അല്‍സാരി ജോസഫ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായി സായ് സുദര്‍ശനുമുണ്ട്.