അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ച പാലന്‍പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. ബി.ജെ.പിയുടെ മഹേഷ്‌കുമാര്‍ അമൃത്‌ലാല്‍ പട്ടേല്‍ ആണ് കോണ്‍ഗ്രസിലെ ലാല്‍ജി ഭായ് പട്ടേലിനോട് 17,593 വോട്ടിന്റെ മാര്‍ജിനില്‍ പരാജയപ്പെട്ടത്.
ഡിസംബര്‍ 10ന് പാലന്‍പൂര്‍ മണ്ഡലത്തില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റവും കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ ആരോപണം കൂടിയായിരുന്നു ഇത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വസതിയില്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നായിരുന്നു മോദിയുടെ ആരോപണം.