ന്യൂഡല്‍ഹി: ഗുജറാത്തിലെ പാട്ടീദാര്‍ നേതാവ് നരേഷ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പട്ടേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
ഈ വര്‍ഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും നരേഷ് പട്ടേലിന്റെ ചുവടുമാറ്റം. തന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സമാജം ഒരു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലുവ പട്ടേല്‍ സമുദായത്തിന്റെ ആരാധനാലയമായ മാഖോഡിയാര്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദല്‍ധാം ട്രസ്റ്റിന്റെ അധ്യക്ഷനാണ് നരേഷ് പട്ടേല്‍. പ്രധാനമായും ഗുജറാത്തില്‍ താമസിക്കുന്ന പാട്ടിദാര്‍ സമുദായത്തിലെ ഒരു ഉപജാതിയാണ് ലുവ പട്ടേലുകള്‍. ഗുജറാത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും പട്ടേല്‍ സമുദായ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി നരേഷ് പട്ടേല്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേ തൃത്വം ഇതിന് കാലതാമസം വരുത്തുന്നതെന്നു പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍ ചോദിച്ചിരുന്നു. ഹര്‍ദികിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നരേഷ് പട്ടേല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടത് എന്നതും ശ്രദ്ധേയമാണ്.വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ഹര്‍ദികുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.