X
    Categories: MoreViews

ഒന്നാംഘട്ട വിധിയെഴുത്ത്: ഗുജറാത്ത് ബൂത്തിലേക്ക്

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ് ഇന്ന്. 182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ അങ്കത്തട്ടിലുള്ളത്. 24,689 പോളിങ് ബൂത്തുകളാണ് വോട്ടിങിനായി ഒരുക്കിയിട്ടുള്ളത്.

്പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവരുടെ കാടിളക്കിയ പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം ആദ്യഘട്ട വിധിയെഴുത്തിലേക്ക് കടക്കുന്നത്. നോട്ടുനിരോധനം, ചരക്കുസേവന നികുതി, ഭരണവിരുദ്ധ വികാരം എന്നിവയാണ് ഭരണകക്ഷിയായ ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ബി.ജെ.പിയുടെ വികസനം പൊള്ളയാണ് എന്ന് ആരോപിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.

കഴിഞ്ഞ തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സൗരാഷ്ട്ര, കച്ച് മേഖല ഇത്തവണ ആരെ തുണക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അറബിക്കടലിന്റെ തീരത്ത് 11 ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന സൗരാഷ്ട്രയിലും കച്ചിലുമായി 58 സീറ്റുകളാണുള്ളത്. 2012ല്‍ ഇവിടെ 35 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ശേഷിച്ച മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്കും ഒന്ന് എന്‍.സി.പിക്കും ലഭിച്ചു. 2007ല്‍ ബി.ജെ.പി 43 ഇടത്തും കോണ്‍ഗ്രസ് 14 ഇടത്തുമാണ് ജയിച്ചിരുന്നത്. അഭിപ്രായ സര്‍വേകള്‍ സംസ്ഥാത്ത് ബി.ജെ.പിക്കു തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമെത്തുമെന്നും ശക്തമായ പോരാട്ടം നടക്കുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 14നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 14 ജില്ലകളിലെ 93 സീറ്റുകളാണ് 14ന് വിധിയെഴുതുക. 18നാണ് വോട്ടെണ്ണല്‍.

ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി ജി.എസ്.ടി

സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ച ജി.എസ്.ടിയും നോട്ടുനിരോധനവും ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 14 റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏഴു ദിവസം ഇവിടെയെത്തി ചെറുതും വലുതുമായ നിരവധി റാലികളില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി.ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, സചിന്‍ പൈലറ്റ് തുടങ്ങിയവരും ബി.ജെ.പിക്കായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പ്രചാരണത്തിനെത്തി. വന്‍തോക്കുകള്‍ വന്നെങ്കിലും മോദി-രാഹുല്‍ പോരാട്ടമായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

ജാതി സമവാക്യങ്ങള്‍ ചരിത്രം തിരുത്തുമോ?

ദക്ഷിണ ഗുജറാത്തിലെ ഏഴു ജില്ലകളില്‍ പരന്നു കിടക്കുന്ന 35 സീറ്റുകളില്‍ 2012ല്‍ 28 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ആറു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സൗരാഷ്ട്രയിലും ദക്ഷിണ മേഖലിയും ശക്തിപ്രാപിച്ച പട്ടേല്‍ സംവരണ സമരവും കാര്‍ഷിക പ്രശ്‌നങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. പട്ടേല്‍ സംവരണ നേതാവ് ഹര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഹര്‍ദിക് പട്ടേലിന് പുറമേ, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ദളിത് നേതാവ് ഛോട്ടുവാസവ എന്നിവരുടെ പിന്തുണയും ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. ഈ ജാതി സമവാക്യങ്ങളും ഭരണവിരുദ്ധ വികാരവും കൂടി ഒരുമിക്കുമ്പോള്‍ 22 വര്‍ഷമായി തുടരുന്ന ഭരണം വീഴുമോ എന്ന ചങ്കിടിപ്പ് ബി.ജെ.പി ക്യാമ്പിലുണ്ട്. ആദ്യഘട്ടത്തില്‍ വികാസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി അന്തിമഘട്ടത്തില്‍ തീവ്രഹിന്ദുത്വം എന്ന പതിവു സമവാക്യത്തിലേക്കു തിരിച്ചുപോയതും ശ്രദ്ധേയമായി. ബാബരി വിഷയം ഉന്നയിച്ചായിരുന്നുഇത്.
അങ്കത്തട്ടില്‍ മുഖ്യമന്ത്രി രൂപാണിയും

ഇന്ന് ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്നത് മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റാണ്. ഇവിടെ കോണ്‍ഗ്രസിനായി മത്സരത്തിനിറങ്ങുന്ന ഇന്ദ്രനീല്‍ രാജ്ഗുരു, രൂപാണിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ അഭൂതപൂര്‍വമായ പ്രചാരണവും മണ്ഡലത്തിലെ പട്ടേല്‍മാരുടെ സ്വാധീനവും ബി.ജെ.പിയുടെ ചങ്കിടിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹര്‍ദിക് പട്ടേല്‍ നടത്തിയ റാലിയില്‍ എണ്‍പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. കച്ചിലെ തീരമണ്ഡലമായ മാണ്ഡ്‌വിയില്‍ മത്സരിക്കുന്ന ശക്തി സിങ് ഗോഹില്‍, അംറേലിയിലെ പരേഷ് ധനാനി, പോര്‍ബന്ധറിലെ അര്‍ജുന്‍ മോദ്‌വാദിയ തുടങ്ങിയവരാണ് ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖര്‍.

chandrika: