‘കേന്ദ്ര സര്‍ക്കാരിന്റെ നയചട്ടക്കൂട്ടില്‍നിന്നുകൊണ്ടാണ് സംസ്ഥാനത്ത് ബദലിന് രൂപം നല്‍കുന്നത്. കേന്ദ്ര നയങ്ങളുടെ ജനവിരുദ്ധതയെക്കുറിച്ചുള്ള രാഷ്ട്രീയ ബഹുജന വിദ്യാഭ്യാസത്തിനുള്ള സന്ദര്‍ഭമായിക്കൂടി വികസന പ്രവര്‍ത്തനങ്ങളെ കാണേണ്ടതാണ്.’ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളരേഖ’യിലെ വരികളാണിത്. കേരളത്തിലെ ഇടതുപക്ഷ മുന്നണി ഭരണം രാജ്യത്തെ ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമായി ഉള്ളതാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പരിപാടികളും ദേശീയ സര്‍ക്കാരിന്റെ ഭാഗമാണെന്നുമാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. സി.പി.എം അതിന്റെ രൂപീകരണ കാലംമുമ്പേ പറയുന്നതാണിത്. കമ്യൂണിസ്റ്റ്-മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് ക്ഷേമ രാഷ്ട്രം നടപ്പാക്കാന്‍ കഴിയുന്നില്ലെന്നതിന് കാരണമായാണ് അവരിത് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. പക്ഷേ രണ്ടാം പിണറായി സര്‍ക്കാര്‍ ബി. ജെ.പി ഭരിക്കുന്ന ഗുജറാത്തിലേക്ക് ചീഫ്‌സെക്രട്ടറിയുള്‍പ്പെടെ ഉന്നതതല സംഘത്തെ അയച്ചത് മേല്‍പറഞ്ഞ നയമനുസരിച്ചാണോ എന്ന ചോദ്യമാണ് ജനമനസ്സുകളില്‍ ഇതിനകം ഉയര്‍ന്നിരിക്കുന്നത്.
ഗുജറാത്തിലെ ഭരണ സംവിധാനം പഠിക്കുന്നതിനായാണത്രെ ചീഫ്‌സെക്രട്ടറി വി.പി ജോയ് അടങ്ങുന്ന സംഘം വ്യാഴാഴ്ച യാത്ര തിരിച്ചത്. ഗാന്ധിനഗറില്‍ ചെന്ന് മുഖ്യമന്ത്രിയുടെ ‘സി.എം ഡാഷ്‌ബോര്‍ഡ’് സംവിധാനം നേരില്‍കണ്ട് വിലയിരുത്തിയശേഷം അദ്ദേഹം അതിനെ വാനോളം പ്രശംസിച്ചു. താഴേ തലംതൊട്ട് ഓരോ വകുപ്പിലെയും പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് സ്‌ക്രീനില്‍ തെളിയുന്ന സംവിധാനമാണ് ഡാഷ് ബോര്‍ഡ്. 2017ല്‍ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് സംവിധാനം സ്ഥാപിച്ചത്. ഇതു ചൂണ്ടിക്കാട്ടി പിണറായി വിജയനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി തന്നെ പദ്ധതി പഠിക്കാനായി ചെല്ലണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവത്രെ. അത് അപ്പടി സ്വീകരിക്കുകയായിരുന്നു ആര്‍.എസ്.എസ്സിന്റെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുവെന്നവകാശപ്പെട്ട മുഖ്യമന്ത്രി ഗുജറാത്തിലെ സ്‌കൂളുകള്‍ക്കായുള്ള വിദ്യാസമീക്ഷാപദ്ധതിയും കേരള സംഘം സന്ദര്‍ശിച്ച് പ്രശംസിച്ചു.
വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നതുശരി തന്നെ. എന്നാല്‍ പിണറായി വിജയന്‍ മറുപടി പറയേണ്ട ചിലതിവിടെയുണ്ട്: 2013ല്‍ അന്നത്തെ കേരള മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബുബേബിജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനെ ഇതേ പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കളൊന്നടങ്കം അദ്ദേഹത്തെ അടച്ചാക്ഷേപിക്കുകയും രാജിയാവശ്യപ്പെടുകയും ചെയ്തത് കേരളം മറന്നിട്ടില്ല. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ യു.ഡി.എഫ് പിന്തുണക്കുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു പാഴ്ശ്രമം. ഗുജറാത്ത് മോഡലിനെ പിന്തുണച്ച് സി.പി.എമ്മിന്റെ മുന്‍ എം.പി അബ്ദുല്ലക്കുട്ടിയും 2008ല്‍ രംഗത്തുവരികയുണ്ടായി. അടുത്ത കാലത്താണ് ഗുജറാത്തില്‍ പൊതുപണം ചെലവഴിക്കുന്നതിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് സി.എ.ജി വിമര്‍ശിച്ചത്. 12,437 കോടി രൂപയുടെ വിനിയോഗ പത്രം ലഭിച്ചില്ലെന്നായിരുന്നു വിമര്‍ശം. എന്തുകൊണ്ട് ഇത്രയും ഐ.ടി അധിഷ്ഠിതമായ കേരളത്തിന് ഇതുപോലൊരു സോഫ്റ്റ്‌വെയര്‍ കഴിയാതെ പോയി. ഏത് സംവിധാനമാണെന്നതിലല്ല, ജനങ്ങള്‍ക്ക് എത്രകണ്ട് ക്ഷേമം നല്‍കപ്പെടുന്നുവെന്നിടത്താണ് ഒരു ഭരണകൂടത്തിന്റെ വിജയം. രണ്ടായിരത്തിലധികം പേരുടെ കുരുതിക്കിടയാക്കിയ 2002ലെ ഗുജറാത്ത് മുസ്‌ലിം വംശീയകൂട്ടക്കൊല കുപ്രസിദ്ധമാണ്. അതിന്റെ ചുവടുപിടിച്ചാണ് മോദിയുടെ ചരടില്‍ ഇന്നും സംസ്ഥാനത്ത് ബി.ജെ.പി ഭരണം തുടരുന്നത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബി.ജെ.പി ഭരണത്തിന് ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുകകൂടിയാണ് പിണറായി വിജയന്‍. ഫലത്തില്‍ പിണറായിയുടെ നയരേഖയില്‍ പറഞ്ഞ ‘ബഹുജന വിദ്യാഭ്യാസം’ ബി.ജെ.പിയില്‍ നിന്നാണ്് നടപ്പാക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിന് സ്വന്തമായ ഒരു ഐ.ടി നയം രൂപീകരിച്ചതും സ്മാര്‍ട്ട്‌സിറ്റിയും നിരവധി ഇന്‍ഫോ പാര്‍ക്കുകളും സ്ഥാപിച്ചതും യു.ഡി.എഫ് സര്‍ക്കാരും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായിരുന്നു. അതിനെത്രയോ മുമ്പേ തൊഴില്‍ പോകുമെന്നു പ്രചരിപ്പിച്ച് കമ്പ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തവരാണ് സി.പി.എമ്മുകാര്‍. ‘കേരള വികസനമാതൃക’യാകട്ടെ 1980കള്‍ മുതല്‍ ലോകം ചര്‍ച്ച ചെയ്തതാണ്. വിവരസാങ്കേതിക മേഖല ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് ഓരോ മലയാളിയും അഭിമാനിക്കുമ്പോഴാണ് അതിനെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് സി.പി.എം മോദിയുടെ ഉപദേശവുമായി ‘ഗുജറാത്ത് മോഡല്‍’ നടപ്പാക്കാനൊരുങ്ങുന്നത്. കുറച്ചുകാലമായി ഈ വര്‍ഗീയാര്‍ബുദം സി.പി.എമ്മിനെ ഗ്രസിച്ചുതുടങ്ങിയിട്ട്. രാജ്യത്താകെ കൂട്ടക്കൊലകളും വര്‍ഗീയാസ്വസ്ഥ്യങ്ങളും അരങ്ങുവാഴുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആര്‍ജവം പോലുമില്ലാതെ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും നിരന്തരം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍. കേന്ദ്ര നേതൃത്വം വല്ലപ്പോഴുമിറക്കുന്ന ബി.ജെ.പി വിരുദ്ധ വാറോലയിലൊതുങ്ങുന്നു സി.പി.എമ്മിന്റെ മതേതര ലൈന്‍. ഇനിയിവര്‍ക്ക് ചെയ്യാനുള്ളത് പഴയ സി.പി.എം-ബി.ജെ.പി കൂറുമുന്നണി ബന്ധം പുതുക്കുക മാത്രമാണ്. ഇതിലധികം ലജ്ജാകരമായി മലയാളിക്ക് മറ്റെന്താണുള്ളത്!