X

ധ്രുവീകരണത്തിന്റെ ഗുജറാത്ത് മോഡല്‍-എഡിറ്റോറിയല്‍

സംസ്ഥാനത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ചതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ വര്‍ഗീയ ധ്രുവീകരണം സകല സീമകളും ലംഘിച്ച് മുന്നേറുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കൂടി തിരഞ്ഞെടുപ്പ് രംഗത്ത് ചുവടുറപ്പിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മോദിയുടെ തട്ടകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഹിമാചല്‍ പ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിലുണ്ടായിരിക്കുന്ന കാലതാമസം തന്നെ പോരാട്ടത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന്റെ മുമ്പു പരമാവതി പ്രഖ്യാപനങ്ങള്‍ക്കുള്ള സൗകര്യം മോദിക്കും കൂട്ടര്‍ക്കും ഇതിലൂടെ ഒരുക്കപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം തന്നെയാണ് ഏകസിവില്‍കോഡെന്ന തങ്ങളുടെ മാസ്റ്റര്‍ പീസും ബി.ജെ.പി പുറത്തെടുത്തിരിക്കുന്നത്.

നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത, നാണയപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായപ്പോള്‍ ഭരണത്തുടര്‍ച്ചക്കുള്ള മോദി സര്‍ക്കാറിന്റെ ആയുധം രാമക്ഷേത്ര നിര്‍മാണം, ഏക സിവില്‍കോഡ് നടപ്പാക്കല്‍, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയവയായിരുന്നു. സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് ദുരിതപര്‍വം പേറേണ്ടിവന്ന രാജ്യത്തെ കര്‍ഷകരും സാധാരണക്കാരും ഇടത്തരം, ചെറുകിട വ്യാപാരികളുമെല്ലാം പക്ഷേ ഈ കുതന്ത്രത്തില്‍ വീണുപോയി. തല്‍ഫലമായി വീണ്ടും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ മൂന്നാം ഊഴത്തിനും മെനഞ്ഞുവെച്ചത് ഇതേ തന്ത്രങ്ങള്‍ തന്നെയാണ്. എന്നാല്‍ രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയുമെല്ലാം കാരണമായുണ്ടായ ജനരോഷം മറികടക്കാന്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കമിടേണ്ടി വരികയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയേണ്ടി വരികയും ചെയ്തിരിക്കുകയാണ്. ഇനിയൊരു അജണ്ട രൂപപ്പെടുന്നതുവരേ സര്‍ക്കാറിന്റെ കൈയിലുള്ള ഏക തുറുപ്പ്ചീട്ട് ഏകസിവില്‍കോഡ് മാത്രമാണ്. ഗുജറാത്തില്‍ അപ്രതീക്ഷിതമായി ഒരു പോര്‍മുഖം തുറക്കേണ്ടിവന്നപ്പോള്‍ കൈയിലുള്ള ഏക ആയുധവും ബി.ജെ.പിക്ക് പ്രയോഗിക്കേണ്ടിവന്നിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ച വിഷയം ഗുജറാത്തിലും തങ്ങള്‍ക്കു സഹായകരമാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിയെ നയിക്കുന്നത്.

ഏക സിവില്‍കോഡ് സംഘ്പരിവാരത്തിന് തിരഞ്ഞെടുപ്പ് വിഷയം മാത്രമാണെങ്കില്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഘടകവിരുദ്ധമായ ഈ നിയമം എന്തുപ്രത്യാഘാതമാണ് വരുത്തിത്തീര്‍ക്കുക എന്ന ആശങ്കയാണ് മതേതരവിശ്വാസികളില്‍ ഉയരുന്നത്. എന്നാല്‍ മതേതര കക്ഷികള്‍ എന്ന വിശേഷണമുള്ളവരും ബി.ജെ.പിയുടെ അതേ മാതൃകയില്‍ ഏകസിവില്‍കോഡിനെ പ്രചാരണ ആയുധമാക്കുന്നത് അന്തരീക്ഷത്തെ കൂടുതല്‍ മേഘാവൃതമാക്കുകയാണ്. ഏക സിവില്‍കോഡ് രാജ്യത്ത് നടപ്പില്‍വരുത്തേണ്ടതാണെന്നും ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിനെ അതേ മാര്‍ഗത്തില്‍ നേരിടുകയെന്ന രീതി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ അദ്ദേഹം തയാറായിരിക്കുന്നതെന്നത് വ്യക്തമാണ്. നേരത്തെ കറന്‍സികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിക്കണമെന്ന പ്രസ്താവനയിലൂടെ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തന്റെയും പാര്‍ട്ടിയുടെയും നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അധികാരത്തിനുവേണ്ടിയുള്ള ഈ അവസരവാദ നിലപാട് അഴിമതിക്കെതിരെ അദ്ദേഹത്തിനൊപ്പം നിരാഹാരമിരുന്നവരെ പോലും അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഭരണത്തിലെ സുതാര്യതയിലൂടെയും സൗജന്യങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുമ്പോഴും മതേതരത്വത്തിന്റെ കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ നിലപാട് എന്ത് എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ തുടക്കം മുതലേ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന കാര്യമായിരുന്നു. പലരും സംശയിച്ചതുപോലെ അക്കാര്യത്തില്‍ ഫാസിസ്റ്റുകളുടെ സമീപനം തന്നെയാണ് തങ്ങള്‍ക്കുമെന്ന് അവര്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്. മതേതര കൂട്ടായ്മയുടെഭാഗമാകുന്നതില്‍നിന്ന് എന്നും കൃത്യമായി അകലം പാലിക്കാറുള്ള ആ പാര്‍ട്ടി ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയപ്രതീക്ഷയൊന്നും ഒരു ഘട്ടത്തിലും നല്‍കിയിട്ടില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് രംഗവും അതിന് അടിവരയിടുകയാണ്.

Test User: