ശരീര ഭാരം കുറക്കാനായി പലര്‍ക്കും പല കാരണങ്ങളുണ്ടാകും. അത്തരത്തില്‍ നിരന്തരമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും ഭാരം കുറച്ച ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. പൊണ്ണത്തടി കുറയാന്‍, ആരോഗ്യം വീണ്ടെടുക്കാന്‍, സിനിമയിലെ കഥാപാത്രത്തിന് തുടങ്ങി നിരവധി കാരണങ്ങള്‍ക്ക് ഭാരം കുറക്കുന്നവരുണ്ട്.
എന്നാല്‍ മോഷണം നടത്താന്‍ തടി കുറച്ച സംഭവം കേട്ടിട്ടുണ്ടോ? ഗുജറാത്തിലുണ്ട്. അഹമ്മദാബാദില്‍ നിന്നുള്ള 36കാരനായ മോത്തി സിങ് ചൗഹാന്‍. മോഹിത് മറാഡിയ എന്നയാളുടെ വീട്ടു ജോലിക്കാരനായിരുന്നു മോത്തി സിങ്. പതിവായി ആ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കളൊക്കെ എവിടെയാണ് സൂക്ഷിച്ചതെന്ന് മോത്തി സിങ്ങിന് അറിയാമായിരുന്നു.
അവ എങ്ങനെയെങ്കിലും അടിച്ചുമാറ്റണമെന്നായി മോത്തി സിങ്ങിന്റെ ചിന്ത. പക്ഷേ, അകത്തു കടക്കണമെങ്കില്‍ ഇലക്ട്രോണിക് വാതില്‍ തുറക്കണം. അതു തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. പിന്നെയുള്ള വഴി ആലോചിച്ചപ്പോഴാണ് ജനല്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാം എന്ന് ചിന്തിച്ചത്. പക്ഷേ, അവിടെയും പ്രശ്‌നം ഉണ്ടായിരുന്നു. ആ ജനലിനുള്ളിലൂടെ മോത്തി സിങ്ങിന് അകത്ത് പ്രവേശിക്കാനാവില്ല. ശരീര ഭാരമായിരുന്നു പ്രശ്‌നം.
ഭാരം കുറക്കാനായി മൂന്നു മാസം കഠിന പ്രയത്‌നം ചെയ്തു. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും. അത്താഴം പാടെ ഒഴിവാക്കി. ജനലിനകത്തൂടെ പ്രവേശിക്കാന്‍ മാത്രം കഴിയുന്ന വിധം പത്തു കിലോ ഭാരം മൂന്നു മാസം കൊണ്ട് കുറച്ചു. തുടര്‍ന്ന് അകത്തു കടന്ന് മോഷ്ടിച്ചത് 37 ലക്ഷം രൂപ.
സിസിടിവികള്‍ എല്ലാം നശിപ്പിച്ച ശേഷമായിരുന്നു മോഷണം നടത്തിയത്. അതിനാല്‍ തന്നെ ആളെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു പ്രാദേശിക ഹാര്‍ഡ്‌വെയര്‍ സ്റ്റോറില്‍ നിന്ന് മോത്തി സിങ് സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി. ഇതോടെ മോത്തി സിങ്ങിനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷനും മനസിലാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.