മുസ്ലിം പള്ളികളിൽ നമസ്കാരത്തിന് മുമ്പ് മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ഹരജി ദുരുദ്ദേശ്യപരമാണെന്ന് ചീഫ് ജസ്റ്റിസ് സുനിത് അഗർവാൾ വിധിന്യായത്തിൽ പറഞ്ഞു .
ഉച്ചഭാഷിണിയിലൂടെ വിവിധ സമയങ്ങളിൽ പള്ളികളിൽ നിന്ന് ബാങ്ക് കൊടുക്കുന്നത് ശല്യം ആണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ബജറങ് ദൾ പ്രവർത്തകനായ ശക്തി സിംഗ് സാലയാണ് ഹരജി നൽകിയത് .
ബാങ്ക് വിളിക്കുന്നത് വർഷങ്ങളായി നടന്നുവരുന്ന മതപരമായ ആചാരത്തിന്റെ ഭാഗമാണ് .ഇതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല .ഇനി ശബ്ദ മലിനീകരണമാണ് പ്രശ്നമെങ്കിൽ ശബ്ദത്തിന്റെ തീവ്രത സംബന്ധിച്ചു ശാസ്ത്രീയമായ പഠനം ആവശ്യമാണ് .
ഏതായാലും ഈ ഹർജി അനുവദിക്കാൻ കഴിയില്ല .അതേസമയം ശബ്ദ മലിനീകരണം ആണ് പ്രശ്നമെങ്കിൽ ക്ഷേത്രങ്ങളിൽ നിന്ന് പുലർച്ചെ മൂന്നു മണിക്ക് ആരതി സമയത്ത് മണിമുഴക്കുന്നതും മറ്റും ശബ്ദമല്ലേ എന്ന് ഡിവിഷൻ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് സുനിത് അഗർവാളും ജസ്റ്റിസ് അനിരുദ്ധ മായേയും വാദത്തിനിടെ ഹർജിക്കാരനോട് ചോദിച്ചു.