അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്‍ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്‍ കോടതിക്ക് പ്രാഥമിക സംതൃപ്തിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഭട്ട് മുമ്പ് മനപൂര്‍വ്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ ചായ്‌വ് കാണിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിആര്‍പിസി സെക്ഷന്‍ 389 പ്രകാരം നടപ്പാക്കിയ ശിക്ഷ താല്‍ക്കാലികമായി നമരവിപ്പിക്കുന്നതിനുള്ള അപേക്ഷയാണ് ഭട്ട് കോടതിയില്‍ നല്‍കിയത്.
1990 നവംബറില്‍ ജംജോദ്പൂര്‍ നിവാസിയായ പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭട്ടിനെ വിചാരണക്കൊടുവില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഐപിസിയുടെ 34, 114 വകുപ്പുകള്‍ പ്രകാപം സെക്ഷന്‍ 323, 302, 506 (1) വകുപ്പുകള്‍ പ്രകാരം ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഗുജറാത്ത് കലാപത്തിലും തുടര്‍ന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന ആളായിരുന്നു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായി സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപ വിവാദത്തിന് പിന്നാലെയാണ് ഭട്ടിനെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ നിന്നും പുറത്താക്കിയത്.