ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും ഏഴ് പാലങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗതാഗത സംവിധാനവും താറുമാറായി. കേന്ദ്ര റിസര്‍വ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ഗുജറാത്തില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. പ്രധാന റെയില്‍പാതകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. വൈദ്യുതി ഇന്റര്‍നെറ്റ് ബന്ധങ്ങളും തടസപ്പെട്ടു. 120 ഗ്രാമങ്ങളെ പ്രളയം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 2000 ത്തോളം പേരെ സൈന്യം രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബിഹാര്‍, അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും വെള്ളപ്പൊക്ക കെടുതിയിലാണ്.