അഹമ്മദാബാദ്: ഗുജറാത്തിലെ പ്രതാപ് സാഗര്‍ തടാകത്തില്‍ മീന്‍ പിടിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. ബ്രാഹ്മണ സമുദായത്തില്‍ പെട്ട ചിലരുടെ പരാതിയെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതാപ് സാഗര്‍ തടാകത്തില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കുന്നത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നായിരുന്നു ഒരുവിഭാഗം ബ്രാഹ്മണരുടെ പരാതി. പരാതിയെ തുടര്‍ന്ന് ഗുജറാത്തിലെ സബര്‍കന്ധ ജില്ലാ ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ഫിഷിംഗ് കോണ്‍ട്രാക്ട് ലൈസന്‍സ് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് റദ്ദാക്കിയത്. നടപടി സംബന്ധിച്ച് സെപ്തംബര്‍ ഒമ്പതിനകം മറുപടി നല്‍കണമെന്ന്് ജസ്റ്റിസുമാരായ അനന്ത് എസ്.ദവെ, ബൈരന്‍ വൈഷ്ണവ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്് ഉത്തരവിട്ടത്.
തടാകത്തില്‍ നിന്നും മീന്‍പിടിക്കാനുള്ള ടെണ്ടര്‍ 2017 ജൂണിലാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 24 നാണ് തങ്ങള്‍ക്ക് ടെണ്ടര്‍ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനയായ ആശ മത്സ്യബന്ധന ഖെദുത് മംഗളം മണ്ഡല്‍ ഹര്‍ജിയില്‍ പറയുന്നു. 2017 ജൂലായ് മുതല്‍ 2022 ജൂണ്‍ വരെ അഞ്ചുവര്‍ഷത്തേക്കാണ് അനുമതി ലഭിച്ചത്.
ലണ്ടര്‍ നല്‍കിയ സമയത്ത്, ഹിരലാല്‍ പുനംലാല്‍ ജോഷി എന്നയാള്‍ തടാകത്തിലെ മത്സ്യബന്ധനം ബ്രാഹ്മണരുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ ഈ പരാതി പിന്‍വലിച്ചിരുന്നു. മത്സ്യബന്ധനത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ജില്ലാ ഭരണകൂടത്തിന് എഴുതുകയും ചെയ്തിരുന്നു. എന്നിട്ടും ജില്ലാ ഭരണകൂടം വിലക്ക് തുടരുകയായിരുന്നു.