X
    Categories: MoreViews

ജിഗ്നേഷ് മേവാനിയുടെ വെല്ലുവിളി നേരിടാന്‍ രാം വിലാസ് പാസ്വാനെ രംഗത്തിറക്കി ബി.ജെ.പി

ന്യൂഡല്‍ഹി: ദളിത് സമുദായത്തില്‍ ജിഗ്നേഷ് മേവാനി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെ രംഗത്തിറക്കാന്‍ ബി.ജെ.പി. ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവായ പാസ്വാന്‍ വൈകാതെ സംസ്ഥാനത്ത് പ്രചാരണങ്ങളില്‍ സജീവമാകുമെന്നാണ് സൂചന. യു.പി തെരഞ്ഞെടുപ്പുകളിലൊന്നും എന്‍.ഡി.എയ്ക്കായി പാസ്വാനെ ബി.ജെ.പി രംഗത്തിറക്കിയിരുന്നില്ല. ബി.ജെ.പിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയായ ഗൗരവ് സമ്പര്‍ക് അഭിയാനില്‍ പാസ്വാന്‍ ഭാഗഭാക്കാകും. 20 ശതമാനം ദളിത് വോട്ടുകളുള്ള ദനിലിംഡ മണ്ഡലത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നുമുണ്ട്.

പാസ്വാനു പുറമേ, പിന്നാക്ക വിഭാഗക്കാനായ സാമൂഹിക ശാക്തീകരണ- നീതി വകുപ്പ് മന്ത്രി തവന്‍ ചന്ദ് ഗെഹ്ലോട്ടിനെയും ബി. ജെ.പി പ്രചാരണത്തിനിറക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഇദ്ദേഹം.

മറ്റൊരു ദളിത് നേതാവും കേന്ദ്രസഹമന്ത്രിയുമായ അര്‍ജുന്‍ രാം മെഘ്‌വാളും പ്രചാരണത്തില്‍ സജീവമാണ്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യപ്പെടുമെന്ന് ഈയിടെയാണ് മേവാനി പ്രഖ്യാപിച്ചിരുന്നത്. രാഹുല്‍ഗാന്ധിയുടെ നവ്‌സര്‍ജന്‍ യാത്രയില്‍ മേവാനി പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേരില്ലെന്നായിരുന്നു മേവാനിയുടെ നിലപാട്. ദളിതര്‍ക്കിടയില്‍ വന്‍ സ്വാധീനമാണ് ഈ 34കാനുള്ളത്. സൗരാഷ്ട്രയിലെ ഉനയില്‍ ദളിത് യുവാക്കള്‍ക്ക് നേരെ പശു ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്.

chandrika: