ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം അസ്വാഭാവികമായി നീട്ടിവെച്ച മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണര്‍ എ.കെ ജ്യോതി, തന്റെ നടപടിക്ക് നല്‍കിയ ന്യായീകരണം പൊളിയുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ജ്യോതി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയം പിന്നീട് അറിയിക്കാമെന്ന് അറിയിച്ചതാണ് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഭരണ വിരുദ്ധ തരംഗം ശക്തമായ ഗുജറാത്തില്‍, ബി.ജെ.പിയെ സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമടക്കം വ്യക്തമാക്കിയിരുന്നു.
വിവാദം കനത്തതോടെ മാധ്യമങ്ങളെ കണ്ട എ.കെ ജ്യോതി ഗുജറാത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് തിയ്യതി പ്രഖ്യാപിക്കാത്തത് എന്ന് ന്യായീകരിക്കുകയുണ്ടായി. തിയ്യതി പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ജ്യോതി പറഞ്ഞു. എന്നാല്‍, ഇത് നുണയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ മാത്രമുള്ള തടസ്സമല്ലെന്നും, വസ്തുതകള്‍ നിരത്തി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജ്യോതി അവകാശപ്പെടുന്നതു പോലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട അടിയന്തര സാഹചര്യങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഏഴ് ജില്ലകളെ ബാധിച്ച പ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്.
പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് തന്റെ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്തും അയച്ചിട്ടില്ലെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ എ.ജെ ഷാ വ്യക്തമാക്കി. ദുരിതാശ്വാസ കമ്മീഷന്റെ ഓഫീസില്‍ നിന്ന് കത്ത് പോയാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം പരിഗണിക്കേണ്ടതുള്ളൂ.
പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ബനസ്‌കാന്ത ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ ഗതിയില്‍ എത്തിയതായും അടിന്തരമല്ലാത്ത അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റൊമീല ബെന്‍ പട്ടേല്‍ പറയുന്നു. ‘ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങളെല്ലാം നേരത്തെ കഴിഞ്ഞതാണ്. വസ്തുവിന്റെയും വിളകളുടെയും നഷ്ടം സംബന്ധിച്ച സര്‍വേ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടാഴ്ചയോളം എടുക്കുകയും ചെയ്യും’ – റൊമീല പറയുന്നു. പത്താന്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങളുടെ 99 ശതമാനവും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
മൊര്‍ബി ജില്ലയിലും അവസാന വട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ജോലികള്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞു. ഇപ്പോള്‍ മഴ പെയ്യുന്നില്ലാത്തതിനാല്‍ കാര്യമായ ജോലികള്‍ ഇല്ലെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.എ ഡോഡിയയുടെ വാക്കുകള്‍.
രാജ്‌കോട്ട് ജില്ലയില്‍ ഒരു താലൂക്കില്‍ മാത്രമാണ് പ്രളയം ബാധിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. വിക്രാന്ത് പാണ്ഡെ പറയുന്നു. സുരേന്ദ്ര നഗര്‍, മെഹ്‌സാന, അരാവല്ലി, സബര്‍കാന്ത ജില്ലകളില്‍ വലിയ മഴ പെയ്‌തെങ്കിലും പ്രളയ സാഹചര്യം ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതെ നീട്ടിവെച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിനു പ്രത്യേകമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി കോടികളുടെ പദ്ധതി ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടന്നു. എന്നാല്‍, ഇതില്‍ ഒന്നും അസ്വാഭാവികമായി ഇല്ലെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.
1975 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.കെ ജ്യോതി മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന ജ്യോതിയെപ്പറ്റി ‘മോദിയുടെ എ.കെ 47’ എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി പദവി ഒഴിഞ്ഞിട്ടും ഗുജറാത്തില്‍ അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. സര്‍വീസ് കാലാവധി മിക്കവാറും ഗുജറാത്തില്‍ പൂര്‍ത്തിയാക്കിയ എ.കെ ജോതി, മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്.്