അഹമ്മദാബാദ്: ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടേജില്‍. മൂന്ന് പ്രധാന കക്ഷികളുടേയും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രചാരണ രംഗത്ത് സജീവമാണ്. ബി.ജെ.പിക്കായി മോദിയും അമിത് ഷായും നദ്ദയുമാണ് ക്യാമ്പയിന്‍ നയിക്കുന്നത്.
രാഹുലിനും സോണിയക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അടക്കം നിരവധി നേതാക്കളെ കോണ്‍ഗ്രസും പ്രചാരണത്തിനിറക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി കെജ്‌രിവാളും സിസോദിയയും അടക്കമുള്ളവര്‍ ഗുജറാത്തില്‍ ക്യാമ്പു ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്.
ഡിസംബര്‍ ഒന്നിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ടവും എട്ടിന് വോട്ടെണ്ണലും നടക്കും. നേരത്തെ വിധിയെഴുത്ത് പൂര്‍ത്തിയാക്കിയ ഹിമാചല്‍ പ്രദേശിലും ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. അതേസമയം പ്രചാരണത്തിനായി അഹമ്മദാബാദിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ബി.ജെ.പിക്കെതിരെ ആ ഞ്ഞടിച്ചു. മോദിയുടേയും അമിത് ഷായുടേയും പാര്‍ട്ടി വല്ലാതെ മാറിപ്പോയെന്നും വിമത സ്വരം ബി.ജെ.പിയില്‍ വര്‍ധിച്ചു വരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കും അമിത് ഷാക്കും എതിര്‍വാക്കില്ലാത്ത കാലം ബി.ജെ.പിയില്‍ കഴിഞ്ഞു. ഗുജറാത്തില്‍ 33 എം.എല്‍.എമാരെങ്കിലും പാര്‍ട്ടിക്കെതിരെ വിമത സ്വരം ഉയര്‍ത്തിയിട്ടുണ്ട്. വിമത സ്വരം ഉയര്‍ത്തിയ നേതാക്കളെ കൂട്ടത്തോടെ സസ്‌പെന്റു ചെയ്യേണ്ട ഗതികേടും ബി.ജെ.പിക്കുണ്ടാ യി- ഗെഹ്‌ലോട്ട് പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 21 പേരാണ് ബി.ജെ.പിക്കെതിരെ വിമതരായി മത്സരിച്ചതെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.