അഹമ്മദാബാദ്: ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. പ്രഭാകറിന്റെ മരണത്തില്‍ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി സഹോദരന്‍ വിലാസ് പാട്ടീല്‍ രംഗത്തെത്തി. നേരത്തെ രാജ്‌കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഭാകര്‍ പാട്ടീലിനെ ആശുപത്രി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സെപ്റ്റംബര്‍ 12ന് ആശുപത്രിയില്‍ വച്ചാണ് സഹോദരന്‍ മരിച്ചതെന്നും അതിനുമുമ്പ് ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും സഹോദരന്‍ ആരോപിച്ചു. കോവിഡ്മൂലം രോഗി മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ആരോപണമുണ്ട്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് കോവിഡ് ചികിത്സയ്ക്കായി ഇയാളെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെയാണ് ഇയാളെ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ രോഗി മാനസികാസ്വാസ്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.