അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എ ശൈലേഷ് പര്‍മര്‍ കഴിഞ്ഞ ദിവസം അവിശ്വാസത്തിന് നോട്ടീസ് കൊടുത്തു.
എല്ലാം മേഖലയിലും ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടതായി ശൈലേഷ് പര്‍മര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്. വിദ്യാഭ്യാസത്തിന്റെയും നിത്യജീവിതത്തിന്റെയും ചെലവ് കുതിച്ചുയരുകയാണ്. അഴിമതി മുമ്പെങ്ങുമില്ലാതെ വര്‍ധിച്ചുവെന്നും പര്‍മര്‍ പറഞ്ഞു.
കര്‍ഷകരുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ നിഷേധാത്മക മനോഭാവമാണ് കാണിക്കുന്നത്. അവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ല. കര്‍ഷകര്‍ക്ക് ജലവിതരണത്തിന് സംവിധാനമൊരുക്കാനോ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പര്‍മര്‍ കുറ്റപ്പെടുത്തി.