അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ അഹമ്മദാബാദ് കോടതി ആറു മാസത്തെ തടവുശിക്ഷക്കു വിധിച്ചു. 2016ല്‍ റോഡ് തടഞ്ഞു നടത്തിയ പ്രക്ഷോഭത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. 700 രൂപ പിഴയും ഇവര്‍ക്കെതിരെ കേസ് പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എന്‍ ഗോസ്വാമി ചുമത്തി.
ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് യൂണിവേഴ്‌സിറ്റി പരിസരത്ത് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സമരം. മേവാനിയാണ് സമരത്തിന് നേതൃത്വം നല്‍കിയിരുന്നത്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കുടെയുണ്ടായിരുന്നവര്‍ക്കുമെതിരെ ചുമത്തിയത്.