അന്‍പത്തിയൊന്നുകാരനായ അബ്ദുള്‍ ഹമീദിന്റെ കണ്ണീര്‍ കരഞ്ഞ് തീര്‍ന്നിട്ടില്ല, ഗുജറാത്തിലെ വെരാവലിലെ പീര്‍ ഷാ സിലാര്‍ ദര്‍ഗ കണ്‍മുന്നില്‍ തകര്‍ത്തത് ഇനിയും വിശ്വസിക്കാനായിട്ടില്ല അദ്ദേഹത്തിന്. പതിനൊന്ന് തലമുറകളായി ദര്‍ഗയുടെ ഭാഗാമായിരുന്നു ഹമീദിന്റെ കുടുംബം. അദ്ദേഹത്തിന്റെ ഉപ്പയും വല്യുപ്പമാരും ദര്‍ഗയെ ആത്മീയ കേന്ദ്രമായാണ് കണ്ടിരുന്നത്. അവര്‍ മാത്രമല്ല, തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളുമെല്ലാം ആത്മീയ അഭയകേന്ദ്രമായി കണ്ടിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗയാണ് ഗുജറാത്ത് സര്‍ക്കാര്‍ പൊളിച്ചത്.
സെപ്തംബര്‍ 28 ന്, ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ വെരാവല്‍ പ്രദേശത്തെ മുസ്!ലിംകളുമായി ബന്ധപ്പെട്ട എട്ട് മതപരമായ കെട്ടിടങ്ങളും മുസ്‌ലിംകളുടെ 48 വീടുകളുമാണ് ആറ് മണിക്കൂര്‍ കൊണ്ട് ഭരണകൂടം പൊളിച്ചുകളഞ്ഞത്. 200 ഓളം പ്രദേശവാസികളുടെ വീടുകളാണ് ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിന് ഇരയായത്. വീടുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ച 150 ഓളം പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുപ്രിം കോടതിവിധി നിലനില്‍ക്കെയാണ് ജില്ലാ കളക്ടര്‍ ഡിഡി ജഡേജ പൊളിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയത്.
ശ്രീ സോമനാഥ് ട്രസ്റ്റും (എസ്എസ്ടി) സംസ്ഥാന സര്‍ക്കാരും അവകാശവാദം ഉന്നയിക്കുന്ന 100 ഏക്കര്‍ ഭൂമിയിലെ അനധികൃത നിര്‍മാണം എന്നാരോപിച്ചാണ് പൊളിക്കല്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ ട്രസ്റ്റിമാരായി നയിക്കുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ് എസ്എസ്ടി.
രാവിലെ ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ തുടങ്ങിയതെന്ന് ഹമീദ് പറയുന്നു. ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ട് പോലുമില്ലായിരുന്നു. ഞങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. ഒരു തുണിപോലും എടുക്കാനുള്ള സമയം പോലും തന്നില്ല. ഞങ്ങള്‍ സമ്പാദിച്ചതെല്ലാം അവര്‍ ഇടിച്ചുനിരത്തി മണ്ണിനടിയിലാക്കിയെന്ന് തകര്‍ന്നുപോയ ഹമീദ് കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക് ഷീറ്റിനു താഴെയാണ് ഹമീദും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. ‘ഞങ്ങളുടെ വീടുകളും പള്ളികളും ശ്മശാനങ്ങളും വരെ അവര്‍ തകര്‍ത്തു. അപ്പോള്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, മഴയത്ത് നിന്ന ഞങ്ങളെ മനുഷ്യരായിപ്പോലും അവര്‍ പരിഗണിച്ചില്ലെന്നും ഹമീദ് പറഞ്ഞു.
ചരിത്രമുറങ്ങുന്നതും നൂറ്റാണ്ടുകള്‍ പഴക്കവുമുള്ള ഹാജി മംഗ്രോള്‍ ദര്‍ഗ, ഷാ സിലാര്‍ ദര്‍ഗ, ഗരീബ് ഷാ ദര്‍ഗ, ജാഫര്‍ മുസാഫര്‍ ദര്‍ഗ തുടങ്ങിയവയാണ് തകര്‍ത്തതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിംകളെ വിരട്ടിയോടിക്കാനാണ് ആരാധനാലയങ്ങളും വീടുകളും പൊളിച്ചുനീക്കുന്നതെന്ന് വെരാവലില്‍ നിന്നുള്ള ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നുസ്രത്ത് പഞ്ച പറഞ്ഞു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്കെല്ലാം സമ്പന്നമായ ചരിത്രമുള്ളവയാണ്. 800 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ആരാധനാലയങ്ങള്‍. എന്നിട്ടും എന്തുകൊണ്ടാണ് നിയമപരമാണെന്നതിന് നിരവധി രേഖകള്‍ ഉള്ള കെട്ടിടങ്ങള്‍ കലക്ടറും സംസ്ഥാന സര്‍ക്കാരും തകര്‍ത്തതെന്നും അദ്ദേഹം ചോദിക്കുന്നു. അതിരാവിലെ ഹൈഡ്രോളിക് ക്രെയിനുകളും 60 ഓളം ബുള്‍ഡോസറുകളും 50 ട്രാക്ടര്‍ ട്രെയ്‌ലറുകളും 1,400 പൊലീസുകാരും ഇരച്ചെത്തിയാണ് പൊളിക്കല്‍ തുടങ്ങിയത്.
ആര്‍ക്കും അവരവരുടെ സാധനങ്ങള്‍ പോലും എടുക്കാന്‍ അനുവാദമില്ലായിരുന്നു. മനുഷ്യത്വ രഹിതമായ നടപടിക്ക് പിന്നില്‍ രാഷ്ട്രിയമാണെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകനായ ബാസിര്‍ ഗോഹെല്‍ പറഞ്ഞു. ഈദ്ഗാഹും ശ്മശാനവും പോലും അവര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പൊളിക്കലിനെ ന്യായീകരിച്ച് ജില്ലാ കലക്ടര്‍ രംഗത്തെത്തി. നിയമവിരുദ്ധമായ കൈയ്യേറ്റങ്ങളാണ് പൊളിച്ചതെന്നും ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് പൊളിക്കല്‍ നടത്തിയത് എന്ന ചോദ്യത്തിനോട് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു ഒഴിഞ്ഞുമാറിക്കൊണ്ടുള്ള കലക്ടറുടെ മറുപടി.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്!ലിം സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 28ന് തന്നെ സംഘടന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചിരുന്നു. സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 17ലെ ഇടക്കാല ഉത്തരവ് പ്രകാരം രാജ്യത്തുടനീളമുള്ള പൊളിക്കലുകള്‍ ഒക്ടോബര്‍ 1 വരെ സ്‌റ്റേ ചെയ്ത കാര്യവും സംഘടന ചൂണ്ടിക്കാട്ടി.