X
    Categories: indiaNews

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍

ഡല്‍ഹി:  56 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നില്‍. ഗുജറാത്തില്‍ ഏഴ് സീറ്റിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി അഞ്ച് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മധ്യപ്രദേശില്‍ 18 സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എട്ട് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യ 26 എംഎല്‍എമാരുമായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. 230 അംഗങ്ങളുള്ള നിയമസഭയില്‍ 115 അംഗങ്ങളുടെ പിന്‍ബലം മതി കേവലഭൂരിപക്ഷത്തിന്.ഗ്വാളിയാര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയുടെ 16 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വഗ്വിജയ് സിങ്ങിന് സ്വാധീനമുള്ള പ്രദേശമാണിവിടം.

ഉത്തര്‍പ്രദേശിലെ ഏഴുസീറ്റുകളിലെ തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന് നിര്‍ണായകമാണ്. ഹാത്രസ് സംഭവത്തില്‍ രാജ്യത്താകമാനം യോഗി സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. അതേസമയം, ഗുജറാത്തില്‍ എട്ട് സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

അതേസമയം, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ എന്‍ഡിഎയ്ക്ക് നേരിയ ലീഡുണ്ട്. 243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 1967ല്‍ 29ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്‌നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

Test User: