X
    Categories: indiaNews

സസ്യേതര വിഭവങ്ങള്‍ക്ക് വിലക്ക് തുടരുന്നു;ഗുജറാത്ത് ബി.ജെ.പിയില്‍ പുതിയ വിവാദം

അഹമ്മദാബാദ്: തെരുവുകളില്‍ സസ്യേതര ഭക്ഷണവിഭവങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും. ബി.ജെ. പി ഭരിക്കുന്ന രാജ്‌കോട്ട്, ഭാവ്‌നഗര്‍, വഡോദര നഗരസഭകളുടെ നീക്കത്തിനു പിന്നാലെയാണ് തലസ്ഥാന നഗരിയിലും മാംസാഹാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

10 ദിവസത്തിനകം സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്ന ഭക്ഷണ ശാലകളോട് ഇവ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൂര്‍ണമായും പിന്‍വലിക്കും വരെ മാംസ വിഭവങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം സമയപരിധി എത്തും മുമ്പേ തന്നെ അധികൃതരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി കടകള്‍ സീല്‍ വെക്കുന്ന നടപടി ആരംഭിച്ചതോടെ വ്യാപാരികളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിനിടെ മാംസാഹാര വില്‍പ്പന സംബന്ധിച്ച തീരുമാനത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന വിശദീകരണവുമായി സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ രംഗത്തെത്തി.

വ്യക്തികളുടെ വിശ്വാസങ്ങള്‍ തീരുമാനങ്ങളെ സ്വാധീനിക്കരുതെന്ന് പറഞ്ഞ പാട്ടീല്‍, തീരുമാനം നടപ്പാക്കിയ നഗരസഭകളുടെ മേധാവികളോട് തീരുമാനം നടപ്പാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് തീരുമാനം ആദ്യം നടപ്പാക്കിയത്. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നടത്തിയ പ്രഖ്യാപനം രാജ്‌കോട്ട്, ഭാവ്‌നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തീരുമാനമായി പ്രഖ്യാപിക്കുകയായിരുന്നു.

റോഡരികിലെ മാംസ, മത്സ്യ വ്യാപാര സ്റ്റാളുകളും മാംസാഹാരങ്ങള്‍ വില്‍ക്കുന്ന തട്ടുകടകളും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ നിരത്തുന്ന വാദം. മാത്രമല്ല, തെരുവിലെ മാംസാഹാര വില്‍പ്പന മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതേസമയം നഗരസഭകളുടെ നടപടിക്കെതിരെ ബി.ജെ.പി ഐ.ടി സെല്‍ മുന്‍ പ്രസിഡണ്ട് നന്ദിതാ താക്കൂര്‍ രംഗത്തെത്തി.

തെരുവില്‍ മത്സ്യവും മാംസവും വില്‍ക്കുന്ന പലരും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന കാര്യം ഓര്‍ക്കണമെന്ന് നന്ദിത താക്കൂര്‍ പറഞ്ഞു.

 

 

Test User: