X

മോദിയും അംബേദ്കറും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് സ്പീക്കര്‍; പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി രംഗത്ത്

അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണന്‍ ഒബിസിക്കാരനായിരുന്നു. കൃഷ്ണനെ ഭഗവാനാക്കിയത് ഋഷിവര്യന്‍ സാന്ദീപനിയാണെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു. ബ്രാഹമണ സമുദായം ഇന്ത്യക്ക് വന്‍ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ അഞ്ച് രാഷ്ട്രപതിമാരും, ഏഴ് പ്രധാനമന്ത്രിമാരും ഉള്‍പ്പെടും. ഇതിനു പുറമെ 50 മുഖ്യമന്ത്രിമാരെയും 50ലധികം ഗവര്‍ണ്ണര്‍മാരെയും 27 ഭാരതരത്‌ന വിജയികളെയും ഏഴ് നോബല്‍ സമ്മാനാര്‍ഹരെയും ബ്രാഹ്മണര്‍ രാജ്യത്തിന് നല്‍കി. അറിവു സ്വായത്തമാക്കിയ എല്ലാവരും ബ്രാഹ്മണരാണ്. അംബേദ്കറും മോദിയുമെല്ലാം ഈ അര്‍ത്ഥത്തില്‍ ബ്രാഹ്മണ ഗണത്തില്‍ ഉള്‍പ്പെടും. അംബേദ്കറിനു ആ പേര് സമ്മാനിച്ചത് ബ്രാഹ്മണനായ ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം ബ്രാഹ്മണ സമുദായം ലക്ഷ്യം വെച്ചിട്ടില്ല. അവര്‍ അനേകരുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ദൈവങ്ങളെ സൃഷ്ടിച്ചത് പോലും ബ്രാഹ്മണരാണ്. ക്ഷത്രിയനായിരുന്ന ശ്രീരാമനെ ദൈവമാക്കിയത് ഋഷിമാരാണ്. ആട്ടിടയനായ കൃഷ്ണന്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തെ ദൈവമാക്കിയത് ബ്രാഹ്മണനായ സാന്ദീപനിയാണ്. അറിവു നേടിയ ബ്രാഹ്മണ സമുദായത്തിന്റെ സൃഷ്ടിക്കളാണ് രാജാക്കന്‍മാരും ദൈവങ്ങളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ത്രിവേദിയുടെ ‘ബ്രാഹ്മണ’ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി ഉദിത് രാജ് പരസ്യമായി രംഗത്തെത്തി. രാജേന്ദ്ര ത്രിവേദിയുടെ പരാമര്‍ശം അധിക്ഷേപാര്‍ഹവും അനഭിലഷണീയവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ നിങ്ങള്‍ എന്തിനാണ് പാര്‍ട്ടിയെ മോശവരുത്തുന്നതെന്നും ഉദിത് രാജ് ചോദിച്ചു.

chandrika: