ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ പരസ്യം എത്രയും വേഗം പിന്‍വലിക്കണം എന്നാണ് കമ്മീഷന്റെ ഉത്തരവ്. പ്രചാരണത്തില്‍ ഇത്തരം വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നടപടി. പകരം ‘യുവരാജ്’ എന്നു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവാദം നല്‍കി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള മീഡിയ കമ്മിറ്റിയാണ് ‘പപ്പു’ പ്രയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സ്‌ക്രിപ്റ്റിന് മീഡിയ കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ‘പപ്പു’ എന്ന വാക്ക് ചൂണ്ടിക്കാട്ടി മീഡിയ കമ്മിറ്റി സ്‌ക്രിപ്റ്റിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് ബിജെപി നേതാവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്ക് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചതായും ബിജെപി നേതാവ് വ്യക്തമാക്കി. സ്‌ക്രിപ്റ്റില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. വാക്ക് നീക്കം ചെയ്ത ശേഷം മറ്റൊരു സ്‌ക്രിപ്റ്റ് സമര്‍പ്പിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
നവമാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപയോഗിക്കുന്ന വാക്കാണ് പപ്പു. ഈ പേര് പലതവണ ഉപയോഗിക്കുന്ന പരസ്യമായിരുന്നു പ്രചാരണത്തിന് ഉപയോഗിക്കാനായി ബിജെപി തയാറാക്കിയത്. ഇത് കമ്മീഷന്റെ അംഗീകാരത്തിനായി മാധ്യമ കമ്മിറ്റിക്ക് സമര്‍പ്പിച്ചപ്പോഴായിരുന്നു പപ്പു എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്. പരസ്യത്തിന്റെ തിരക്കഥ കണ്ടപ്പോള്‍ തന്നെ കമ്മീഷന് ബിജെപിയുടെ മനസിലിരുപ്പ് വ്യക്തമായി. ഇതോടെയാണ് ഈ വാക്ക് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തികരമാണെന്ന് കമ്മീഷന്‍ വിധിച്ചത്.
എന്നാല്‍ പരസ്യത്തിന്റെ തിരക്കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പപ്പു എന്ന വാക്ക് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് ബിജെപിയുടെ ന്യായീകരണം. അതുകൊണ്ട് തന്നെ കമ്മീഷന്റെ തീരുമാനം പുനപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ തയാറായില്ല.