പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ നവ്സാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പി.എം.എന്‍.ആര്‍.എഫില്‍ നിന്നും മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ട്വീറ്റ് ചെയ്തു. ‘നവസാരിയില്‍ ഒരു റോഡപകടത്തെ തുടര്‍ന്നുണ്ടായ ജീവന്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായിരുന്നത്. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കണ്ട് മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതുമൂലം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് നവസരായ് ദേശീയ പാതയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ബസ് ഇടുച്ചുകയറുകയായിരുന്നു.
ബസ്ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന 9 പേരാണ് മരിച്ചത്. സൂറത്തില്‍ നിന്ന് വാല്‍സാദിലേക്ക് പോകുന്ന ബസിന് എതിര്‍വശത്തു നിന്നാണ് കാര്‍വന്നതെന്ന് നവ്സാരി പൊലീസ് സൂപ്രണ്ട് ഋഷികേശ് ഉപധ്യായ് പറഞ്ഞു.