X

ഗുജറാത്തില്‍ ബി.ജെ.പി നെട്ടോട്ടത്തില്‍; ഒറ്റ ദിവസം 30 നേതാക്കളിറങ്ങി പ്രചാരണം

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വം. അടുത്തമാസം ഒന്‍പതിനും പതിനാലിനും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബി.ജെ.പിയുടെ മുതിര്‍ന്ന നേതൃത്വം ഗുജറാത്തിലെത്തുന്നു. മോദി ഇഫക്റ്റ് ഗുജറാത്തില്‍ നിലനിര്‍ത്തുമെന്നാണ് നേതാക്കളുടെ വാദം. ഡിസംബര്‍ 18-നാണ് ഫലം പുറത്തുവരുന്നത്.

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കൊഴുക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാവരും സംസ്ഥാനത്തെത്തുന്നത്. ഒറ്റ ദിവസം തന്നെ മന്ത്രിമാരുള്‍പ്പെടെ 30മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിലെത്തും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംങ്, സ്മൃതി ഇറാനി, നിതിന്‍ ഗഡ്ഗരി തുടങ്ങിയവരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വസുന്ദര രാജെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, രാമണ്‍ സിങ്, മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ വിവിധ റാലികളിലായി പങ്കെടുക്കും. ഓരോ നേതാക്കള്‍ക്കും മൂന്നു പരിപാടികള്‍ വീതം ഉണ്ടായിരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷമായിരിക്കും നേതാക്കള്‍ മണ്ഡലങ്ങളില്‍ സജീവമാവുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുപ്പതോളം നേതാക്കളെത്തി പ്രചാരണം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. ഏകദേശം 25-ഓളം നേതാക്കളെങ്കിലും പ്രചാരണത്തിനെത്തുമെന്നും അവര്‍ അവകാശപ്പെടുന്നു. മോദിയുടെ സ്വന്തം തട്ടകത്തില്‍ ഭരണം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. നിലവില്‍ 120സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. അത് നിലനിര്‍ത്തുന്നതിനാണ് പാര്‍ട്ടിയുടെ ശ്രമം.

അതേസമയം, രാഹുല്‍ഗാന്ധിയുടെ നാലാംഘട്ട ഗുജറാത്ത് പര്യടനം ഇന്ന് അവസാനിക്കും. ബി.ജെ.പി ശക്തി കേന്ദ്രങ്ങളായ വടക്കന്‍ ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാഹുല്‍ പ്രചാരണം നടത്തിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും അദ്ദേഹം വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രിയോട് തികച്ചും അനാദരവോടെയാണ് മോദി പെരുമാറിയിരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: