X

ഉത്തര്‍ പ്രദേശിന് പിന്നാലെ ഗുജറാത്തിലും; നവജാത ശിശുക്കളുടെ കൂട്ട മരണം

അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നവജാത ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഗുജറാത്തില്‍ നിന്നും സമാന റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആസ്പത്രിയില്‍ ഒരൊറ്റ ദിവസം മാത്രം മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍. അണുബാധയെ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്ത് കൂടി കൂട്ട ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അത്യന്തം ഖേദകരമാണെന്നും ഇത് സഹിക്കാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ദൈവം ശക്തി നല്‍കട്ടേയെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

ഇതില്‍ അഞ്ചു കുഞ്ഞുങ്ങള്‍ മഹിസാഗര്‍, സുരേന്ദ്ര നഗര്‍, മനസ്, അഹമ്മദാബാദ് ജില്ലകളിലെ മറ്റ് ആസ്പത്രികളില്‍ നിന്നും ഇവിടേക്കു മാറ്റിയവരാണ്. മറ്റു നാലു കുട്ടികള്‍ ഭാരക്കുറവ് മൂലം ചികിത്സയിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ്. കൂട്ട ശിശുമരണം സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും എന്നാല്‍ മറ്റ് ആസ്പത്രികളില്‍ നിന്നും അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടികളെ ഇവിടെ എത്തിച്ചതെന്നും മെഡിക്കല്‍ സൂപ്രണ്ട് എം.എം പ്രഭാകര്‍ പറഞ്ഞു.

അതേ സമയം കുട്ടികള്‍ മരിച്ചത് ഡോക്ടര്‍മാരുടെ അഭാവം മൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. 100 ബെഡുകളുള്ള കുഞ്ഞുങ്ങളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഗുജറാത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആസ്പത്രിയിലുണ്ടായ കൂട്ട ശിശു മരണം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

chandrika: