സജ്ജന സാമീപ്യവും സമ്പര്‍ക്കവും ജീവിത സുകൃതങ്ങളിലൊന്നാണ്. എത്ര മികച്ച വ്യക്തിയാണെങ്കിലും കൂടെയുള്ളവരാല്‍ സ്വാധീനിക്കപ്പെടുക സ്വാഭാവികമാണ്. വിശ്വാസിയുടെ നാല് സൗഭാഗ്യങ്ങള്‍ പ്രവാചകര്‍ പരിചയപ്പെടുത്തിയതില്‍ ഒന്ന് നല്ല ചങ്ങാത്തവും സൗഹൃദവും ഉണ്ടാവുക എന്നതാണ്. ജീവിതസാഹചര്യങ്ങളും നിത്യേന ഇടപഴകുന്ന മനുഷ്യരും മെച്ചപ്പെടുക അത്ര എളുപ്പമല്ല. അത് ശരിയായ ഒരു തിരഞ്ഞെടുപ്പ് കൂടിയാണ്. അവനവന്റെ ബോധപൂര്‍വമായ പരിശ്രമം അതില്‍ അനിവാര്യമാണ്.
ചങ്ങാത്തത്തിന്റെ ദുഷിപ്പ്‌കൊണ്ട് വഴികേടിലായവരും ചുറ്റുമുള്ള സാഹചര്യം മോശമായത്‌കൊണ്ട് കൈവിട്ടുപോയവരും ധാരാളമാണ്. രണ്ട് മാര്‍ഗങ്ങളാണ് അതിനായി സ്വീകരിക്കേണ്ടത്. സ്വയം നവീകരിക്കപ്പെടുകവഴി മാതൃകാവ്യക്തിയായി മാറാന്‍ നിരന്തരം പരിശ്രമിക്കുക. മറ്റുള്ളവര്‍ക്ക് ചേര്‍ന്ന് നടക്കാന്‍ പറ്റിയ നല്ല മനുഷ്യര്‍ എന്ന ഖ്യാതി നേടിയെടുക്കുക. സാമൂഹ്യ ജീവി എന്ന നിലയില്‍ പരസ്പരം മാന്യതയും മിതത്വവും പുലര്‍ത്തി മുന്നോട്ട് പോകുക. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത കാണിക്കുന്ന വിശ്വാസികള്‍ ഒരു നാടിന്റെ വെളിച്ചവും കരുത്തുമായി മാറുകയും ചെയ്യും.
മറ്റുള്ളവര്‍ മോശക്കാരാണ് എന്ന് മുദ്രകുത്തി അകറ്റിനിര്‍ത്തുക എന്നതല്ല മോശം ശീലങ്ങളുള്ളവര്‍ക്ക് നമ്മുടെ കൂടെ സഹസഞ്ചാരം നടത്താന്‍ കഴിയാത്തവിധം നന്മയുടെ വലയം സൃഷ്ടിക്കുക എന്ന സമീപനമാണ് വിവേകികള്‍ സ്വീകരിക്കേണ്ടത്. ഒരു വ്യക്തിയെ കുറിച്ചറിയാന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെ കുറിച്ചു അന്വേഷിക്കുക, കാരണം നമ്മുടെ കൂടെ സഞ്ചരിക്കുന്നവരുടെ നേര്‍പകര്‍പ്പാണ് പലപ്പോഴും നാം. മെഴുകുതിരി ഉരുകി തീരുന്നത് അതിന്റെ കൂട്ട് തിരിയോടൊപ്പമായി എന്നത് കൊണ്ടാണ്. തിരി കത്തുമ്പോള്‍ കൂടെ മെഴുകും ഉരുകി ഇല്ലതാവുകയാണ്.
വിശുദ്ധമായ റമസാന്‍ നല്‍കുന്ന ഏറ്റവും സവിശേഷമായ അവസരം സാഹചര്യങ്ങളും സൗഹൃദങ്ങളും ദൈവിക ചൈതന്യത്തില്‍ ഉണര്‍വുള്ളതാക്കുന്നു എന്നതാണ്. ഇവിടെ എല്ലാരും ഒരേ ദിശയില്‍ സഞ്ചരിക്കുകയാണ്. ഒരുപോലെ നന്മകളില്‍ മത്സരിക്കുകയാണ്. വാക്കും നോക്കും പ്രവര്‍ത്തിയും സൂക്ഷ്മതയോടെ ക്രമപ്പെടുത്തുകയാണ്. പള്ളികളും വീടുകളും നാടുകളും അടുക്കും ചിട്ടയുമുള്ളതായി മാറുന്നു. അതുകൊണ്ട് തന്നെ തെറ്റുകള്‍ കുറയുന്നു. കുറ്റങ്ങള്‍ ഇല്ലാതാവുന്നു. വ്യക്തികളിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കുറയുന്നു. ഇത് റമസാനിലെ മാത്രം പ്രത്യേകതയായി അവസാനിക്കരുത്. വ്രതനാളുകള്‍ക്ക് ശേഷവും മികച്ച സാഹചര്യവും സൗഹൃദവും നിലനിര്‍ത്തുന്നതിനായി നിരന്തരം പരിശ്രമിക്കണം.
നല്ല മനുഷ്യരുടെ സാമീപ്യവും സമ്പര്‍ക്കവും നേര്‍വഴി കണ്ടെത്തുന്നതിന് സഹായകരമാകുന്നത് പോലെ പരിസരങ്ങള്‍ ക്രിയാത്മകമായി നിലനിര്‍ത്തുന്നതിന് പ്രചോദനം പകരുകകൂടി ചെയ്യും. കെട്ട മനുഷ്യരും ദുഷിച്ച ചിന്തകളും അനിതര സാധാരണമാണ്. സ്‌നേഹപൂര്‍വമായ പങ്കുവെക്കലുകളിലൂടെ അവര്‍ക്ക് കൂടി നന്മ പകര്‍ന്ന് നല്‍കാനും ചുരുങ്ങിയപക്ഷം പ്രതികൂലമായി ബാധിക്കാതെ ജാഗ്രത കാണിക്കാനും സാധിക്കേണ്ടതുണ്ട്.