X
    Categories: gulfNews

ദുബൈയിലും ജിദ്ദയിലും മലയാളികളുടെ ‘ഗൈഡ്’; എം.സി സുബൈര്‍ ഹുദവി ഇനി ഓര്‍മ്മ

റഷീദ് കൈപ്പുറം

പട്ടാമ്പി :ദുബൈയിലും ജിദ്ദയിലും നൂറ് കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന എം.സി സുബൈര്‍ ഹുദവി ഇനി ഓര്‍മ്മ.ജോലി ആവശ്യാര്‍ത്ഥവും അല്ലാതേയും വിദേശത്ത് എത്തുന്നവര്‍ക്ക് സുബൈര്‍ ഹുദവി ഒരു ഗൈഡായിരുന്നു.എന്ത് കെട്ടുപിണഞ്ഞ പ്രശ്‌നമായാലും എല്ലാറ്റിനും ഒരു പരിഹാര നിര്‍ദ്ദേശകനായിരുന്നു.ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം നിറഞ്ഞ് നില്‍ക്കുകയായിരുന്നു.നാട്ടില്‍ നിന്നും ദുബൈയിലെത്തുന്ന ലീഗുകാര്‍ അദ്ദേഹവുമായി ബന്ധപ്പെടാതിരുന്നിട്ടുണ്ടാവില്ല. ഇടപെടലുകളിലെ സൗഹൃദം കെ.എം.സി.സി പ്രവര്‍ത്തകരില്‍ സുബൈറിനെ ഇഷ്ടക്കാരനാക്കി. ഇന്നലെ വൈകീട്ടോടെ ജിദ്ദയിലെ താമസ സ്ഥലത്ത് മരണപ്പെട്ട വിവരമിഞ്ഞതോടെ അനുശോചനങ്ങളുടെ പ്രവാഹമാണ്.കൊറോണ കാലത്തും ഹജ്ജ് കാലങ്ങളിലും കെ.എം.സി.സി ,വിഖായ വളണ്ടിയര്‍മാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകനായി ഹുദവി ഉണ്ടായിരുന്നു.വിഖായക്ക് സൗദിയില്‍ മേല്‍വിലാസമുണ്ടാക്കുന്നതില്‍ നിസ്തുല സേവനം ചെയ്തു.ദുബൈ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായിരിക്കെ അവിടങ്ങളില്‍ മരണപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു.സമസ്ത ഇസ്ലാമിക് സെന്റര്‍ സൗദി നാഷണല്‍ സെക്രട്ടറിയായിരുന്നു. ദാറുല്‍ ഹുദ ഹാദിയ, ഖുര്‍ത്വുബ തുടങ്ങിയ സംരംഭങ്ങള്‍ക്കും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.കൊപ്പം തെക്കുമ്മല അന്‍സാര്‍ നഗര്‍ മാര്‍ക്കശ്ശേരി മുഹമ്മദ് എന്ന മാനു ഫൈസിയുടെ മകനായ സുബൈര്‍ ഹുദവി .

യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായിരുന്ന എം.സി സൈതലവി ഹാജിയുടേയു അല്‍ ഐന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റും ഇപ്പോള്‍ കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.സി.അസീസിന്റേയും സഹോദര പുത്രനാണ്.പ്രാസ്ഥാനിക രംഗത്ത് മാതൃകപരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയാണ് സുബൈര്‍ ഹുദവിയെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരിച്ചു.ഹജ്ജ് സമയങ്ങളില്‍ വിഖായ വളണ്ടിയാമാരെ കോര്‍ഡിനേറ്റ് ചെയ്തിരുന്നത് എം സി സുബൈര്‍ ഹുദവി ആയിരുന്നു.

ദുബൈ കെ എം സി സിയുടെ സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരങ്ങള്‍ക്കും ലൈസന്‍സ് കാര്യങ്ങള്‍ക്കും വേണ്ടി ഔദ്യോഗിക ജോലികള്‍ പൂര്‍ണമായും ചെയ്തത് ദുബായ് കെ എം സീ സി പീ ആര്‍ ഒ എന്ന നിലയില്‍ സുബൈര്‍ ഹുദവി ആയിരുന്നു. യു എ ഇ ഔട്ട് പാസ് പ്രഖ്യാപിച്ചപ്പോള്‍ ജുമേറ ജയിലിനു പുറത്ത് ചുട്ടുപൊള്ളുന്ന ചൂട് വക വെക്കാതെ ദുബായ് കെ എം സീ സി നടത്തിയ ഭക്ഷണ വിതരണം അടക്കമുള്ള സേവന പ്രവര്‍ത്തനങ്ങളിലും ഹുദവി സജീവമായി ഉണ്ടായിരുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

 

webdesk11: