ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ കീഴില്‍ ആരംഭിച്ച പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് സെന്ററിന്റെ ചെയര്‍മാന്‍ കൂടിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
ആള്‍ ഇന്ത്യ കെഎംസിസിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി കിടപ്പിലായ രോഗികള്‍ക്ക് വലിയ സാന്ത്വനമാകുമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുമെന്നും കൂട്ടിചേര്‍ത്തു. കര്‍ഷകരും തൊഴിലാളികളുമടക്കം തിങ്ങിപാര്‍ക്കുന്ന ഇവിടെ ഇത്തരമൊരു ഹോംകെയര്‍ പദ്ധതി വലിയ ആശ്വസമായിരിക്കുമെന്നും
എല്ലാവര്‍ക്കും സാന്ത്വനമേകുന്ന പദ്ധതിയായി ഇതുമാറുമെന്നും പറഞ്ഞു.
മുസ്‌ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജിയാണ് അധ്യക്ഷത വഹിച്ചത്. ബാംഗ്ലൂര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതം പറഞ്ഞു. തമിഴ്‌നാട് വഖഫ് ബോര്‍ഡ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീറലി ആമുഖ പ്രഭാഷണവും കെ.എ.എം അബൂബക്കര്‍, പൊന്‍ജയശീലന്‍ എംഎല്‍എ, എം.ദ്രാവിഡ മണി, എം.പാണ്ഡ്യരാജ്, ആര്‍.ഡി.ഒ ജെ.സരവണ കണ്ണന്‍, ഡോ.ജി കതിരവന്‍, സഹദേവന്‍, ബഷീര്‍ ഹാജി, കെ.ബാപ്പു ഹാജി, അഹമ്മദ് സാജു,സി.എച്ച്.എം ഹനീഫ, അരുണ്‍ കുമാര്‍, വി.കെ അബ്ദുല്‍ നാസര്‍ ഹാജി, ഉപ്പട്ടി ആലി, നൗഫല്‍ പാഥാരി എന്നിവരും പ്രസംഗിച്ചു.
മാറാരോഗങ്ങളാല്‍ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള നീലിഗിരി ജില്ലയിലെ രോഗികള്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്‍കുന്നതിനാണ് പാലിയേറ്റീവ് ഹോം കെയര്‍. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ സാന്ത്വനകമാകുന്ന പ്രവര്‍ത്തനങ്ങളാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.