X

നീലഗിരി കര്‍ഷരുടെ ജന്മംഭൂമി പ്രശ്‌നം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ സെക്ഷന്‍ 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് ഗൂഡല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ താമസിച്ചുവരുന്ന കര്‍ഷകരുടെ ജന്മംഭൂമി വനസംരക്ഷണത്തിന്റെ പേരില്‍ നഷ്ടപ്പെടാന്‍ ഇടയാകുന്ന സാഹചര്യമാണ് നിലവിലുളളത്. പ്രസ്തുത താലൂക്കുകളില്‍ നിന്ന് 50,000 കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ട്. ഓവാലി പഞ്ചായത്തിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം നടക്കുന്നുണ്ട്. കുടിയിറക്കിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പതിറ്റാണ്ടുകളായി കൈവശമുള്ളതും തലമുറകളായി കൃഷി ചെയ്യുന്നതുമായ സ്വന്തം മണ്ണില്‍ നിന്ന് അനേകം കര്‍ഷകരാണ് തെരുവിലാക്കപ്പെടുന്നത്. 1928 മുതല്‍ ഈ മേഖലയില്‍ താമസിച്ച് വരുന്ന കര്‍ഷകരും ചെറുകിടക്കാരുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ ബുദ്ധിമുട്ടുന്നത്.
ഗൂഡല്ലൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടയ ഭൂമികള്‍ക്ക് ജില്ലാ ഭരണകൂടവും, റവന്യുവകുപ്പും, വനംവകുപ്പും നിയമവിരുദ്ധമായി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ എത്തിയപ്പോഴാണ് നിവേദനം സമര്‍പ്പിച്ചത്.
ഗൂഡല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍ എ അഷ്‌റഫ്, ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞാപ്പി നെല്ലാക്കോട്ട, ജില്ലാ സെക്രട്ടറി ശംസുദ്ധീന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അശ്ഫക്, റാഷിദ്, ജില്ലാ സെക്രട്ടറിമാരായ സിദ്ധീഖ്, വിവേക്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അബ്ദുള്ള കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്‍കിയത്.

chandrika: