X

നൈതികതയുടെ കാവല്‍ക്കാരന്‍

ടി.എച്ച് ദാരിമി

പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങള്‍ക്കും അവയുടെ ചലനനിശ്ചലനങ്ങള്‍ രൂപഭാവങ്ങള്‍ എന്നിവക്കുമെല്ലാം സ്രഷ്ടാവ് ഒരു ഘടന നിശ്ചയിച്ചിട്ടും കല്‍പ്പിച്ചിട്ടുമുണ്ട്. അതിന് വിധേയമാവുകയും പാലിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഏതു കാര്യവും ശരിയും കൃത്യവും താളനിബദ്ധവുമെല്ലാമായിത്തീരുന്നത്. അതിനെ പൊതു ഭാഷാവ്യവഹാരം ക്രമം എന്ന് വിളിക്കുന്നു. ക്രമം സ്രഷ്ടാവിന്റെ മഹത്തായ നീതിയാണ്. പക്ഷേ, ക്രമം പാലിക്കാനെന്നപോലെ നിരാകരിക്കാനും മനുഷ്യന് പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. അതോടെ മനുഷ്യന്റെ മുമ്പില്‍ രണ്ടു വഴികള്‍ തുറക്കപ്പെടുകയാണ്. ക്രമത്തിലധിഷ്ഠിതമായ ദൈവിക വഴിയും ക്രമരാഹിത്യത്തില്‍ അധിഷ്ഠിതമായ പൈശാചിക വഴിയും. ഇവയില്‍ ദൈവിക വഴിയെ തിരഞ്ഞെടുക്കാന്‍ വേണ്ട പ്രചോദനവും ദൃഷ്ടാന്തങ്ങളും നല്‍കി മനുഷ്യനെ സഹായിക്കാന്‍ നിയുക്തരായ സ്രഷ്ടാവിന്റെ ദൂതന്‍മാരാണ് പ്രവാചക ന്മാര്‍. ക്രമവും നീതിയും തകരുന്നിടത്ത് അത് സംരക്ഷിക്കാനും മനുഷ്യനെ ശരിയായ താളക്രമങ്ങളില്‍ എത്തിക്കാനും അതില്‍ നിലനിറുത്താനും വേണ്ട കാര്യങ്ങളാണ് അവര്‍ ചെയ്യുന്നതെല്ലാം. അതിനാല്‍ ഏതൊരു പ്രവാചകന്റെയും ദൗത്യം മൊത്തത്തില്‍ നീതി നടപ്പാക്കുക എന്നതാണ്. പൊതുവെ നീതി എന്ന വാക്കും പ്രയോഗവും രണ്ട് പേര്‍ക്കിടയിലുള്ള തര്‍ക്ക വ്യവഹാരത്തിന്റെ പരിധിയില്‍ മാത്രം ഉപയോഗിക്കുന്നതും ഉപയോഗിക്കേണ്ടതുമാണ് എന്നാണ് പ്രഥമദൃഷ്ട്യാ തോന്നുക. പക്ഷേ, അതങ്ങനെയല്ല പ്രബോധനത്തിന്റെ പരിധിയില്‍വരുന്ന എല്ലാ കാര്യങ്ങളും ഈ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെയാണ്. ഉദാഹരണമായി സത്യവിശ്വാസത്തെയെടുക്കാം. ഒരു മനുഷ്യന് ലഭിച്ച ജീവിതം, അല്‍ഭുതകരമായ ശരീരം, ശാരീര പ്രവര്‍ത്തനങ്ങള്‍, കഴിവുകള്‍, ശേഷികള്‍, ജീവിതസന്ധാരണ മാര്‍ഗങ്ങള്‍ തുടങ്ങിയ മറ്റൊരാള്‍ക്കും ചെയ്തുതരാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്നിവയുടെയെല്ലാം ശരിയായ മൂല്യങ്ങള്‍ തിരിച്ചറിയുന്ന ഏതൊരു മനുഷ്യനും ചെയ്യേണ്ട നീതിയും ക്രമവുമാണ് ഇതെല്ലാം തന്നവനെ ദൈവമായി വിശ്വസിച്ച് അംഗീകരിക്കുക എന്നത്. അപ്പോള്‍ സത്യവിശ്വാസം നീതിയും ക്രമവുമായിത്തീരുന്നു. അവിശ്വാസമാവട്ടെ, മനുഷ്യന്‍ തന്റെ സ്രഷ്ടാവിനോട് കാണിക്കുന്ന അനീതിയും ആക്രമവുമാകുന്നു. നോമ്പും സകാത്തും തുടങ്ങി എല്ലാ കാര്യങ്ങളും ഇവ്വിധംതന്നെയാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്താനും സാമൂഹ്യ മര്യാദകള്‍ അവഗണിക്കപ്പെടാതിരിക്കാനും എല്ലാം നടപ്പിലാവേണ്ടത് നീതിയും പുലര്‍ത്തേണ്ടത് ക്രമവുമാണ്. ഇതിന്റെ പരിസരമാണെങ്കിലോ വിശാലമാണ്. അടുക്കളയിലും കിടപ്പറയിലും വീട്ടിനുള്ളിലും അയല്‍പക്കങ്ങളിലും സമുദായത്തിനും സമൂഹത്തിനും ഉള്ളിലും രാഷ്ട്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം നീതിയും ക്രമവും നിലനില്‍ക്കണം. അതിനാല്‍ പ്രവാചകന്‍മാര്‍ ആ തലങ്ങളിലെല്ലാം ഇടപെടുന്നു. ഇത് ഈ അര്‍ഥത്തില്‍ മനസിലാക്കിയിട്ടില്ലാത്തവരാണ് നബിമാര്‍ പുറത്തിറങ്ങി ഓരോ കാര്യങ്ങളില്‍ ഇടപെടുമ്പോഴും അല്‍ഭുതം കൂറിയിരുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ഫുര്‍ഖാന്‍ അധ്യായത്തില്‍ മുഹമ്മദ് നബി (സ)ക്കെതിരെ മക്കയിലെ അവിശ്വാസികള്‍ നടത്തിയ ചില ആരോപണങ്ങള്‍ പറയുന്നുണ്ട്. അവയില്‍ ഒന്നാമത്തേത്, ഇതെന്തു പ്രവാചകനാണ്? ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു. എന്നതായിരുന്നു. മനുഷ്യന്റെ ജീവിതത്തില്‍ മുഴുവനും ക്രമം സംരക്ഷിക്കാന്‍ വന്ന നബി (സ)യുടെ ലോകം സത്യത്തില്‍ മനുഷ്യന്റെ ജീവിത പ്രതലം മുഴുവനും ആണ്, ആവേണ്ടതാണ്.

ഇക്കാര്യത്തില്‍ ഏറ്റവും വ്യക്തത കൈവരിച്ച ജീവിതമായിരുന്നു നബി(സ)യുടേത്. നീതിയുടെയും ക്രമപാലനത്തിന്റെയും ഓരോ രംഗത്തെയും മാതൃകകള്‍ പെറുക്കിയെടുക്കാന്‍ മാത്രം വ്യക്തമായിരുന്നു ആ ജീവിതം. ഉദാഹരണങ്ങള്‍ തേടിയുള്ള സഞ്ചാരം അവരുടെ വീടകത്തില്‍ നിന്നുതന്നെ തുടങ്ങാം. വീട് ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തിന്റെ സ്ഥാനമാണ്. അവിടെ വസിക്കുന്ന ഓരോരുത്തര്‍ക്കും സമാധാനം ഉണ്ടാവണം. അതിന് ഏറ്റവും ആദ്യമായി വേണ്ടത് ഒരോരുത്തരിലും മ്യൂല്യമുള്ള സ്വഭാവമാണ്. ആ സ്വഭാവത്തിന്റെ ബലത്തില്‍ അംഗങ്ങളുടെ മനസ്സുകള്‍ പരസ്പരം കൂട്ടിക്കെട്ടണം. ഒരംഗത്തിനും വെറുക്കാനോ അനിഷ്ടം പ്രകടിപ്പിക്കാനോ ഉള്ള വഴി വെച്ചുകൊടുക്കരുത്. ഇതിന് ഓരോ ചലനത്തിലും തികഞ്ഞ ശ്രദ്ധ വേണം. നബി (സ) അത് തീര്‍ത്തും പുലര്‍ത്തിയിരുന്നു. ഓരോ അംഗത്തിന്റെയും മനസ്സും കരളും കുളിരണിയുന്ന അത്ര സരളവും വിനയാന്വിതനുമായിരുന്നു വീട്ടിലെ അവരുടെ സ്വഭാവം. അനസ്(റ) പറയുന്നു: ഞാന്‍ ആഇശാ ബീവിയോട് ഒരിക്കല്‍ ചോദിച്ചു, നബി തങ്ങള്‍ വീട്ടില്‍ വന്നാല്‍ എന്താണ് ചെയ്യാറുള്ളത് എന്ന്. അപ്പോള്‍ മഹതി പറഞ്ഞു. നബി(സ) ഭാര്യമാരെ സഹായിക്കും. നമസ്‌കാര സമയമായാല്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. അനസ് (റ) പറഞ്ഞു: നബി തങ്ങള്‍ വസ്ത്രം സ്വയം തുന്നുകയും ചെരിപ്പ് തുന്നിക്കൂട്ടുകയും സാധാരണ പുരുഷന്‍മാര്‍ വീട്ടില്‍ ചെയ്യാറുള്ള ജോലിയില്‍ വ്യാപൃതരാവുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിനയം ഭക്ഷണത്തിന്റെ കാര്യത്തിലും നബി (സ) പുലര്‍ത്തിയിരുന്നു. ലഭ്യമായത് കഴിക്കും, ഇല്ലാത്തതിന് വേണ്ടി ‘വാശി’ കാണിക്കുകയില്ല, അത് വരുത്തിച്ചു കഴിക്കുന്ന പതിവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വേണ്ടെന്ന് പറയില്ല. ഒരു ഭക്ഷണവസ്തുവെയും തരംതാഴ്ത്തിയില്ല, കൗതുകം തോന്നിയാല്‍ എടുത്തു കഴിക്കും, അല്ലെങ്കില്‍ അത് മാറ്റിവെക്കും. ഒന്നും ലഭിച്ചില്ലെങ്കില്‍ വിശപ്പ് സഹിക്കും. വയറിന്മേല്‍ കല്ല്‌കെട്ടി നടുനിവര്‍ത്തിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ കയ്യില്‍ ഭക്ഷണം വല്ലതുമുണ്ടോ എന്നു ചോദിച്ച് അടുക്കളയിലേക്ക് തലയിടുകയും ഇല്ലെന്ന് നിരാശയോടെ മറുപടി ലഭിക്കുമ്പോള്‍ ശബ്ദത്തിന് ഒരു ഇടര്‍ച്ചയും പറ്റാതെ എന്നാല്‍ എനിക്ക് സുന്നത്തു നോമ്പാണ് എന്ന് പറയുന്ന ധാരാളം രംഗങ്ങള്‍ ഹദീസില്‍ കാണാം. ആഡംബരത്തെയും തദ്വാരാ ഉണ്ടാകുന്ന അഹങ്കാരത്തെയും അവര്‍ തന്റെ ഭക്ഷണത്തളികയിലേക്ക് അടുപ്പിക്കുകയുണ്ടായില്ല. ഒരിക്കല്‍ ഒരു പാത്രത്തില്‍ പാലും തേനും കൊണ്ടുവന്നപ്പോള്‍ അത് നബി (സ) പ്രോത്സാഹിപ്പിച്ചില്ല. ഒരേ പാത്രത്തില്‍ രണ്ട് കറികളോ! എന്നായിരുന്നു അവരുടെ ആശ്ചര്യപ്രകടനം. ഞാന്‍ കഴിക്കുന്നില്ല, നിങ്ങളോട് കഴിക്കരുതെന്ന് വിലക്കുന്നുമില്ല എന്നും എന്നാല്‍, ഇത്തരം ഗര്‍വ് എനിക്കിഷ്ടമില്ല എന്നും തുറന്നുപറഞ്ഞു നബി (സ).

തിരക്കുപിടിച്ച ജീവിതത്തില്‍ കുടുംബത്തോടൊപ്പവും മക്കളോടൊപ്പവും സമയം ചെലവഴിക്കാന്‍ നേരം കണ്ടെത്തുന്ന നീതിമാനായ കുടുംബനാഥനായിരുന്നു മഹാനവര്‍കള്‍. ഭാര്യമാരുടെയും മക്കളുടെയും ജീവിതം വലംവെക്കുന്നത് കുടുംബനാഥന്റെ ജീവിതത്തെയാണ്. അതിനാല്‍ അവരെ പരിഗണിക്കാതിരിക്കുന്നതും എന്തിന്റെ പേരിലാണെങ്കിലും നീതീകരിക്കാനാവില്ല. അത് അനീതിയാണ്. അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ നബി (സ) യുടെ സഹവാസം വീട്ടുകാര്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു. യുദ്ധത്തിന് പോകുമ്പോള്‍ പോലും ഏതെങ്കിലും ഒരു ഭാര്യയെ നബി ഒപ്പം കൂട്ടും. അവിടെയും നീതി പാലിക്കാന്‍ പലപ്പോഴും നറുക്കെടുപ്പിലൂടെയാണ് ആ ഭാഗ്യവതിയെ കണ്ടെത്തല്‍. വീട്ടുകാരോടുള്ള വര്‍ത്തമാനത്തില്‍ പോലും സ്‌നേഹം കിനിയുമായിരുന്നു. ആയിശ(റ) തന്നെ പറയുന്നുണ്ട്: ഒരു ദിവസം നബി (സ) ആയിശാ ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നു എന്ന് പറഞ്ഞു. അപ്പോള്‍ ആയിശ എന്നതിന് പകരം നബി ആയിഷ് എന്നാണ് വിളിച്ചത്. ഇത് സ്‌നേഹപ്രകടനമാണ്. മറ്റൊരിക്കല്‍ എത്യോപ്യയില്‍ നിന്നുള്ള സംഘം പള്ളിയില്‍ ആയുധ പരിശീലനത്തിന്റെ ഭാഗമായി അഭ്യാസപ്രകടനം നടത്തിയപ്പോള്‍ നബി (സ) അവരെ സ്‌നേഹപൂര്‍വം വിളിച്ചു. യാ ഹുമൈറാ! നിനക്ക് കാണണോ? (ചുവപ്പ് കലര്‍ന്ന വെളുപ്പു നിറമുള്ള ചെറിയവള്‍ എന്നര്‍ഥം) ഇങ്ങനെ സന്തോഷം തുടിച്ചുനില്‍ക്കുന്നവയായിരുന്നു തിരുനബിയുടെ വീടകങ്ങള്‍.
മാനസികോല്ലാസമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ഭാര്യമാരെ സന്തോഷിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജോലിക്കിടയിലും നബി (സ) ഓട്ട മത്സരത്തിനുവരെ സമയം കണ്ടെത്തിയതായി ആയിശ (റ) നിവേദനം ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ അനുയായികളോട് മുമ്പില്‍ പോകാന്‍ ആവശ്യപ്പെട്ട് നബി (സ) ആയിശ(റ)യുമായി ഓട്ടമത്സരം നടത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആരോഗ്യവതിയായ ആയിശ (റ) വിജയിച്ചു. പിന്നീട് ശരീരം പുഷ്ടിപ്പെട്ട് തടിച്ച ശേഷം മറ്റൊരു യാത്രയില്‍ ഇതുപോലെ മത്സരം നടത്തിയപ്പോള്‍ നബി (സ) വിജയിച്ചു. ചിരിച്ചുകൊണ്ട് ഇത് അതിനുള്ള പകരമാണെന്ന് നബി (സ) പറഞ്ഞു (അഹ്മദ്). അംറ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി പത്‌നി ആഇശ(റ)യോടു ചോദിച്ചു. തിരുനബി (സ) ഭാര്യമാര്‍ക്കൊപ്പം ഒറ്റക്കായാല്‍ എങ്ങനെയായിരുന്നു? അവര്‍ പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ആണിനെപ്പോലെത്തന്നെയായിരുന്നു നബിയും. ഒരു വ്യത്യാസം മാത്രം. തങ്ങള്‍ ജനങ്ങളില്‍ വെച്ചേറ്റവും മാന്യനും സദ്‌സ്വഭാവിയും ചിരിയും പുഞ്ചിരിയും നിറഞ്ഞവരുമായിരുന്നു (ഖുര്‍തുബി). ഭാര്യമാരുടെ മടിയില്‍ തലവെച്ച് കിടക്കുകയും അവരുമായി ഒരുമിച്ചു കുളിക്കുകയും വളരെ മാന്യവും സംശുദ്ധവുമായ ലൈംഗിക ബന്ധം പുലര്‍ത്തുകയും ചെയ്യുമായിരുന്നു പ്രവാചകര്‍ (സ). ആഇശാബീവി(റ) ഒരു രംഗം ഇങ്ങനെ വിവരിക്കുന്നു: എന്റെയും നബി (സ) യുടെയും ഇടയില്‍ ഒരു പാത്രം വെള്ളം വെച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി (സ) എന്നേക്കാള്‍ വേഗത്തില്‍ വെള്ളം മുക്കി ഒഴിക്കുമായിരുന്നു. മതി, മതി എനിക്കും വേണം എന്ന് ഞാന്‍ പറയുന്നതുവരെ.

Test User: