ജിദ്ദ: അറവുശാലയിലെ ഒട്ടകത്തിന് നേരെ ക്രൂരമര്‍ദ്ദനം നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു മക്ക മുനിസിപ്പാലിറ്റി. അറവുശാലയിലെത്തിച്ച ഒട്ടകത്തെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സംഭവം കണ്ടുനിന്ന സൗദി സ്വദേശി ഫോണില്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ഉടനടി പ്രതികരിച്ച മക്ക മുനിസിപ്പാലിറ്റി സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കുമെതിരെ ശിക്ഷാനടപടി സ്വീകരിച്ചു. സുഡാന്‍ സ്വദേശിയായ ഗാര്‍ഡ്, ഒട്ടകങ്ങളെ ഉപദ്രവിച്ച അറവുശാലയിലെ മറ്റുജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടുമെന്നും അവര്‍ മുനിസിപ്പാലിറ്റിക്ക് കീഴിലെ മറ്റേതെങ്കിലും അറവുശാലകളില്‍ മേലില്‍ ജോലിക്ക് കയറുന്നത് തടയുമെന്നും മുനിസിപ്പാലിറ്റി വക്താവ് ഉസ്മാന്‍ മാലി പ്രസ്താവിച്ചു. അറവുശാല കോണ്‍ട്രാകടര്‍ക്ക് എതിരെയും പിഴയും മറ്റുശിക്ഷാനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.