X

ഗുജറാത്തിലെ ബിജെപി എം.എല്‍.എക്ക് ജീവപര്യന്തം

അഹമദാബാദ്: കൊലപാതകക്കേസില്‍ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ജയരാജ്‌സിന്‍ഹ ജഡേജക്ക് ജീവപര്യന്തം ശിക്ഷ. കൂട്ടു പ്രതികളായ അമര്‍ജിത് സിന്‍ഹ് ജഡേജ, മഹേന്ദ്രസിന്‍ഹ് എന്ന ഭഗത് റാണ എന്നിവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2004ല്‍ നടന്ന കൊലപാതകക്കേസില്‍ 2010ല്‍ സെഷന്‍സ് കോടതി ജഡേജ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ടയാളുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അഖില്‍ ഖുറേഷി, ബി എന്‍ ബൈറണ്‍ വൈഷ്ണവ് എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ശിക്ഷ വിധിച്ചത്. സൗരാഷ്ട്രയിലെ ഗോണ്ടലില്‍ നിന്നുള്ള നിയമസഭാംഗമാണ് ജയരാജ്‌സിന്‍ഹ്.
കോടതി വിധി വന്നതോടെ ജയരാജ്‌സിന്‍ഹിന് നിയമസഭാംഗത്വം നഷ്ടമായി. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. വ്യക്തി വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകനായ നിലേഷ് റൈയാനിയും ജഡേജയും തമ്മില്‍ നിലനിന്ന ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ജഡേജയുടെ സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന വിക്രംസിന്‍ഹ് 2003ല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരം വീട്ടാനായി 2004ല്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ വിനു സിന്‍ഗല എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ജയരാജ്‌സിന്‍ഹ് അറസ്റ്റിലായത്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.

chandrika: