X
    Categories: Views

ഭീതിയുടെ കനലൊടുങ്ങാതെ വാഗിപര ഗ്രാമം

അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലുള്ള വാഗിപര ഗ്രാമവാസികളുടെ മുഖത്ത് ഭീതിയുടെ നിഴല്‍പ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാടു മുഴുവന്‍ കലാപഭൂമിയായി മാറിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനും നിലവിളിക്കാനും മാത്രമേ പലര്‍ക്കും കഴിഞ്ഞുള്ളൂ. കൊലവിളികളുമായി അക്രമികള്‍ സംഹാര താണ്ഡവമാടിയപ്പോള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും പൊലീസ് പോലും പരാജയപ്പെട്ടു.

വാഗിപര സ്വദേശിയായ അംസാദ് ബെലിം ശനിയാഴ്ച പണിയിടത്തില്‍നിന്നും ഉച്ചയൂണിന് വീട്ടിലെത്തുമ്പോള്‍ അസ്വസ്ഥതയുടെ ചെറിയ സൂചനകളുണ്ടായിരുന്നു. എങ്കിലും വലിയൊരു സംഘര്‍ഷത്തിലേക്ക് അത് വഴിമാറുമെന്ന് നിനച്ചില്ല. തൊട്ടു മുമ്പത്തെ ദിവസം സമീപ പ്രദേശങ്ങളായ വാഗിപരയിലേയും സന്‍സാറിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ താക്കൂര്‍ സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ മറ്റൊരു വിദ്യാര്‍ത്ഥി പിടിച്ചു തള്ളിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് താക്കൂര്‍ വിഭാഗക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ക്യാമ്പസില്‍ മാത്രം ഒതുങ്ങുമായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് നീങ്ങി. സ്‌കൂള്‍ വിട്ട് എല്ലാവരും വീട്ടിലേക്ക് പോയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും അടുത്ത ദിവസം ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വാഗിപര ഗ്രാമത്തിലെത്തി താക്കൂര്‍ വിഭാഗത്തില്‍പെട്ട യുവാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സഹോദരന്‍ ഇമ്രാനൊപ്പം ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമ്പോള്‍ സമീപ ഗ്രാമമായ സന്‍സാറില്‍നിന്നുള്ള ചെറിയൊരു സംഘം വാഗിപര ലക്ഷ്യം വെച്ച് നീങ്ങുന്നത് കണ്ടതായി അംസാദ് പറഞ്ഞു. ”എല്ലാ മുസ്്‌ലിംകളേയും കൊന്നൊടുക്കുമെന്ന ഭീഷണിയുമായിട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ വാഗിപരയിലെ പ്രായംചെന്ന ആളുകള്‍ അവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. വടന്‍വാലിക്കു സമീപം 1500ലധികം മുസ്്‌ലിം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന കോളനിയാണ് വാഗിപര. തിരിച്ചുപോയ സംഘം അര മണിക്കൂറിനകം വീണ്ടും വാഗിപരയിലെത്തി. കൈയില്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായിട്ടായിരുന്നു വരവ്. 10-15 പേരടങ്ങുന്ന സംഘമാണ് ആദ്യം വന്നത്. ഇവര്‍ക്കു പിന്നാലെ നൂറിലധികം പേര്‍ വേറെയും എത്തി.
തന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ തിരിച്ചയക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും സംഘം ആക്രമണം അഴിച്ചുവിട്ടു. മധ്യസ്ഥതക്കു ശ്രമിച്ച പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു- അംസാദ് പറഞ്ഞു.
”അഞ്ചോ-ആറോ പേരടങ്ങുന്ന പൊലീസ് സംഘം എത്തിയതോടെ അക്രമികള്‍ പിന്തിരിഞ്ഞോടി. ഇതോടെ പൊലീസും സ്ഥലം വിട്ടു. എന്നാല്‍ അര മണിക്കൂറിനകം മൂന്നാം തവണയും അക്രമികള്‍ വാഗിപരയിലെത്തി. സന്‍സാറില്‍നിന്നുള്ള 5000ത്തോളം വരുന്ന സംഘമായിരുന്നു ഇത്തവണ വന്നത്. സംഘര്‍ഷം മുന്നില്‍ കണ്ട ഗ്രാമവാസികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ സമീപത്തെ പള്ളിയിലേക്ക് മാറ്റി. പത്തോ പതിനഞ്ചോ പുരുഷന്മാര്‍ മാത്രം വീടുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കാവലൊരുക്കാന്‍ കോളനിയില്‍ തങ്ങി. വാഗിപരയിലെത്തിയ അക്രമികള്‍ വാഹനങ്ങളും വീടുകളും തീയിട്ടും കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചും കലാപം സൃഷ്ടിച്ചു.
അക്രമികള്‍ എത്തുമ്പോള്‍ താനും ഇമ്രാനും പിതാവിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു. അടുത്ത ബന്ധുവും വീട്ടിലുണ്ടായിരുന്നു. ഏതാനും നേരത്തെ സംഘര്‍ഷത്തിനു ശേഷം അക്രമികള്‍ പോയെന്നു തോന്നിയപ്പോള്‍ പിതാവ് വാതില്‍ തുറന്നു പുറത്തിറങ്ങി. തൊട്ടു പിന്നാലെ വെടിയൊച്ച മുഴങ്ങി. കൂട്ട നിലവിളികളും. പുറത്തെത്തിയപ്പോള്‍ പിതാവ് വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് ഇബ്രാഹിംഖാന്‍ ലാല്‍ക്കന്‍ ബെലിം (45) സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. അക്രമികളെ കണ്ടതോടെ വീണ്ടും വീടിനകത്ത് കയറി കതക് പൂട്ടി. ബലം പ്രയോഗിച്ച് കതക് പൊളിക്കാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തിയതോടെ ഇവര്‍ പിന്തിരിഞ്ഞോടി. ഇല്ലെങ്കില്‍ തങ്ങളേയും അവര്‍ കൊല്ലുമായിരുന്നു”- അംസാദ് പറഞ്ഞു.
25ലധികം വാഹനങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. നിരവധി വീടുകള്‍ക്കും തീവെച്ചു. വിലപിടിപ്പുള്ള സാധനങ്ങളും കാലികളേയും ഭക്ഷ്യധാന്യവും വരെ കലാപകാരികള്‍ കൊള്ളയടിച്ചതായും പ്രദേശവാസികള്‍ പറയുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരേയും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇരു വിഭാഗവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

chandrika: