ചരക്കു സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. വിപണിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്‌കരിച്ചതെന്ന് തീരുമാനം അറിയിക്കവെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. 133 ഉത്പന്നങ്ങളുടെ നികുതി പരിഷ്‌കരിക്കണമെന്ന നിര്‍ദേശമാണ് വ്യവസായ മേഖലയില്‍ നിന്നുണ്ടായിരുന്നതെന്നും 16-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗ ശേഷം അദ്ദേഹം വെളിപ്പെടുത്തി.
നിരക്കില്‍ മാറ്റം വരുന്നവ ഇപ്രകാരം;
* കശുവണ്ടിയുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. * പഴം, പച്ചക്കറി, അച്ചാര്‍, സോസ് തുടങ്ങിയ അടക്കം ചെയ്ത പായ്ക്കറ്റ് ഭക്ഷണങ്ങളുടെ നികുതി 18ല്‍ നിന്ന് 12 ശതമാനമാക്കി * അഗര്‍ബത്തിയുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി * ഡെന്റ്ല്‍ വാക്‌സ് 12ല്‍ നിന്ന് അഞ്ചുശതമാനമാക്കി. * ഇന്‍സുലിന്‍ 12ല്‍ നിന്ന് അഞ്ചുശതമാനം * പ്ലാസ്റ്റിക് മുത്തുകള്‍ 28ല്‍ നിന്ന് 18 ശതമാനം * പ്ലാസ്റ്റിക് ടാര്‍പോളിന്‍ 28ല്‍ നിന്ന് 18 ശതമാനം * സ്‌കൂള്‍ ബാഗുകള്‍ 28ല്‍ നിന്ന് 18 ശതമാനം * എക്‌സര്‍സൈസ് ബുക്കുകള്‍ 18ല്‍ നിന്ന് 12 ശതമാനം * കളറിങ് ബുക്കുകളുടെ നികുതി 12ല്‍ നിന്ന് പൂജ്യം ശതമാനമാക്കി * മുന്‍കൂട്ടി വാര്‍ത്ത കോണ്‍ക്രീറ്റ് പൈപ്പുകളുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി * കത്തിപോലുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ 18ല്‍ നിന്ന് 12 ശതമാനം * ട്രാക്ടര്‍ ഭാഗങ്ങള്‍ 28ല്‍ നിന്ന് 18 ശതമാനം * കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍ 28ല്‍ നിന്ന് 18 ശതമാനം.
സിനിമാ ടിക്കറ്റിന്റെ നികുതി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ജി.എസ്.ടി പ്രകാരം രണ്ടു തരത്തിലുള്ള സിനിമാ ടിക്കറ്റുകളാണ് ഉണ്ടാകുക. 100 രൂപയോ അതില്‍ താഴെയുള്ളതോ ആയ ടിക്കറ്റുകള്‍ക്ക് 18 ശതമാനമാണ് നികുതി. 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവും. നിലവില്‍ വിനോദ നികുതികള്‍ സംസ്ഥാനങ്ങളാണ് ചുമത്തുന്നത്. 28 മുതല്‍ 110 രൂപ വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതികള്‍. സിനിമാ ടിക്കറ്റിന്റെ രാജ്യത്തെ ശരാശരി നികുതി 30 ശതമാനമാണ്. അതേസമയം പല സംസ്ഥാനങ്ങളും ചില സിനിമകള്‍ക്ക് നികുതിയിളവ് നല്‍കാറുണ്ട്. ജി.എസ്.ടി ചട്ടപ്രകാരം ഇത്തരത്തില്‍ കേന്ദ്രീകൃതമായ നികുതിയിളവില്ല. ടെക്സ്റ്റയില്‍, വജ്ര സംസ്‌കരണം തുടങ്ങിയ വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതിനിടെ, ലോട്ടറിയുടെ നികുതിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൗണ്‍സില്‍ ഈ മാസം 18ന് വീണ്ടും യോഗം ചേരുന്നുണ്ട്. മൊത്തം നാല് സ്ലാബുകളിലായാണ് ജി.എസ്.ടി നികുതി ഏര്‍പ്പെടുത്തുന്നത്. 5,12,18,28 എന്നിങ്ങനെയാണ് സ്ലാബുകള്‍.
66 ഇനങ്ങളുടെ നികുതി നിരക്ക് കുറച്ചു
Tags: GST