X

ജി.എസ്.ടി: ജൂണ്‍ 30ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍; ലോട്ടറിക്ക് 12 ശതമാനം നികുതി, ഹോട്ടലിന് 18 ശതമാനം

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തീരുമാനമാകാതിരുന്ന ലോട്ടറിയടക്കമുള്ളവയുടെ നികുതി സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നാണ് ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. ഈ മാസം മുപ്പതിന് വീണ്ടും കൗണ്‍സില്‍ യോഗം ചേരും. ലോട്ടറിക്ക് 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു കേരളമടക്കമുളള സംസ്ഥാനങ്ങളുടെ ആവശ്യം. ഇതോടൊപ്പം 2500-7500 രൂപ വാടക വരുന്ന ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും 7500 രൂപക്ക് മുകളില്‍ വാടക വരുന്ന മുറികള്‍ക്ക് 28 ശതമാനം നികുതി ഈടാക്കാനും തീരുമാനമായി. ഇത്തരം ഹോട്ടലുകളിലെ റസ്‌റ്റോറന്റുകള്‍ക്ക് മറ്റു എയര്‍ കണ്ടീഷന്‍ റസ്‌റ്റോറന്റുകള്‍ക്കു തുല്യമായ 18 ശതമാനം നികുതിയായിരിക്കും ഈടാക്കുക. ജി.എസ്.ടി വരുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായ ഇന്ത്യ മുഴുവന്‍ ഒരൊറ്റ മാര്‍ക്കറ്റായി മാറും. ജി.എസ്.ടി നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് രണ്ടു മാസത്തെ സമയം അനുവദിക്കാനും ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഐ.ടി പശ്ചാതല സൗകര്യം പൂര്‍ണമായും സജ്ജമാവാത്തതിനാല്‍ ജി.എസ്.ടി റിട്ടേണിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് നേരത്തെ വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജി.എസ്.ടി നിരക്കുകള്‍ പുനപരിശോധിക്കില്ലെന്നും യോഗം വ്യക്തമാക്കി.

chandrika: