X

ജിഎസ്ടി റജിസ്‌ട്രേഷന്‍ 2018ല്‍, 2017 മുതല്‍ മാസപ്പടി വാങ്ങി; വീണ നികുതി അടച്ചതെങ്ങനെയെന്ന് മാത്യു കുഴല്‍നാടന്‍

വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സി.പി.എം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ജി.എസ്.ടിയല്ല വീണ കൈപ്പറ്റിയ മാസപ്പടിയാണ് വിഷയം. ധനവകുപ്പ് നല്‍കിയത് കത്തല്ല, ക്യാപ്സ്യൂളാണ്. ജി.എസ്.ടി വിഷയം മുഖ്യമായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് 1.72 കോടി മാസപ്പടിയായി മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് ജി.എസ്.ടി വിഷയം താന്‍ ഉന്നയിക്കാന്‍ കാരണം.

വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാനപ്പെട്ട ആരോപണം. ധനവകുപ്പിന്റെ മറുപടിയില്‍ 1.72 കോടിയുടെ കാര്യം മിണ്ടുന്നില്ല. കത്ത് തനിക്കോ തന്റെ ഓഫീസിനോ ലഭിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ വഴിയാണ് കത്ത് തനിക്ക് ലഭിച്ചതെന്നും കുഴല്‍നാടന്‍ പറഞ്ഞു.സി.എം.ആര്‍.എല്‍ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയില്‍ 2.3.2017ല്‍ സി.എം.ആര്‍.എല്‍ കമ്പനി വീണയുടെ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു.

1.1.2017 മുതല്‍ വീണാ വിജയനുമായി 5 ലക്ഷം മാസം നല്‍കുന്ന മറ്റൊരു കരാറുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017ലാണ് ജി.എസ്.ടി തുടങ്ങുന്നത്. വീണാ വിജയന്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തിയത് 17.1.2018 ലാണ്. അപ്പോള്‍ ഈ കരാര്‍ പ്രകാരമുള്ള തുകയുടെ ജി.എസ്.ടി എങ്ങനെ അടയ്ക്കാനാകുമെന്നും കുഴല്‍നാടന്‍ ചോദിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഒരു കുടുംബത്തിന്റെ കൊള്ളക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. പിണറായിയുടെ കുടുംബം നടത്തുന്ന കൊള്ള സംരക്ഷിക്കാന്‍ ഗുരുതരമായ കാര്യങ്ങളാണ് ധനവകുപ്പ് ചെയ്യുന്നത്. സാന്റ മോണിക്കയില്‍നിന്നും എക്സാലോജിക് ഒരുകോടിയിലധികം രൂപ കൈപ്പറ്റിയിരുന്നു. സാന്റ മോണിക്കക്കെതിരെ ജി.എസ്.ടി ഇന്റലിജന്‍സ് അന്വേഷണം നടത്തിയിട്ടില്ല. പാര്‍ട്ടിയിലെ പലരും കൊള്ളയെ ന്യായീകരിക്കുകയാണെന്നും മാത്യു പറഞ്ഞു.

webdesk13: