ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ പുതിയ ചീഫ് വിപ്പ് ജയറാം രമേശ്. ജിഎസ്്ടി വിഷയത്തില്‍ നിയമപരമായ ബാധ്യതകള്‍ ഉപേക്ഷിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്ന് ജയറാം രമേശ് എംപി പറഞ്ഞു.
ജിഎസ്ടി കുറവുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയതാണ്. എന്നാല്‍ കുറവുകള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ കടം വാങ്ങണമെന്ന നയത്തിലൂടെയാണ് ഇപ്പോള്‍ കേന്ദ്രം കടന്നുപോകുന്നത്. കേന്ദ്രത്തിന്റെ തങ്ങളുടെ നിയമപരമായ ബാധ്യതകള്‍ ഉപേക്ഷിക്കുകയാണിവിടെ. ഇത് ദയനീയമാണ്! സംസ്ഥാനങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം, ജയറാം രമേശ് ട്വീറ്റ് ചെയ്തു.
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനക്കുറവ് ഏകദേശം 2.35 ലക്ഷം കോടി രൂപയാണ്. ഈ വിടവ് നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടം വാങ്ങാന്‍ സംസ്ഥാനങ്ങളോട് പറയുന്നത് ദയനീയമെന്നാണ് ജയറാം രമേശ് പറയുന്നത്. ജി.എസ്.ടി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ചുമതല നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും ജയറാം രമേശ് വ്യക്തമാക്കുന്നു.
കൊവിഡ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട ശേഷം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്തതിന് ‘ദൈവിക ഇടപെടല്‍’ എന്നുപറയുന്ന രീതിയാണ് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചത്.