ന്യൂഡല്‍ഹി:രാജ്യത്ത് ഇനി മുതല്‍ ഒറ്റനികുതി. ചരക്ക് സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ജിഎസ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണ് ജിഎസ്ടി. എക്സൈസ് തീരുവ, വാറ്റ്, സേവന നികുതി എന്നിവ പ്രത്യേകമായി ഇനിയുണ്ടാകില്ല.
രാഷ്ട്രപതിയുടെ വാക്കുകള്‍
ഇത് നിര്‍ണ്ണായക നിമിഷമാണ്. 14 വര്‍ഷത്തെ യാത്രയുടെ പരിസമാപ്തിയാണ് ഇത്. വ്യക്തിപരമായും സംതൃപ്തി നല്‍കുന്നു. വലിയ പ്രവര്‍ത്തനമാണ് ജിഎസ്ടി കൗണ്‍സില്‍ നടത്തിയത്. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടാലും അവ ക്രമേണ പരിഹരിക്കാന്‍ സാധിക്കും.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
രാഷ്ട്രനിര്‍മ്മാണത്തിലെ വലിയ ചുവടുവയ്പ്പാണ് ഇത്. ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള പാത ഉറപ്പിക്കുകയാണ്. ജിഎസ്ടി നടപ്പാക്കാന്‍ വേണ്ടി പ്രയത്നിച്ചവരെ അഭിനന്ദിക്കുന്നു. ഇത് ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല. മുന്‍ സര്‍ക്കാരുകളും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് കേന്ദ്ര- സംസ്ഥാന സഹകരണത്തിന്റെ നല്ല മാതൃകയാണ്. നികുതി ഘടനയിലെ ആശയക്കുഴപ്പങ്ങള്‍ ജിഎസ്ടി ഇല്ലാതാക്കും.
ധനമന്ത്രിയുടെ വാക്കുകള്‍
രാജ്യത്തിന് ഇത് അഭിമാന നേട്ടമാണ്. സങ്കുചിത രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന് ഉയരാനായി. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ജിഎസ്ടി ആയിരിക്കും. ഇത് ചരിത്ര നിമിഷമാണ്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ഡിഎംകെ എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.അമിത് ഷാ, എല്‍.കെ. അദ്വാനി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങിന് എത്തി.