തിരുവനന്തപുരം: ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പനങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി വന്നതോടെ കോഴിയിറച്ചിയുടെ നികുതി പൂര്‍ണമായും ഒഴിവായി. നേരത്തേ 14.5 ശതമാനമായിരുന്നു നികുതി. അണ്‍ബ്രാന്റഡ് അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി. നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിനു കിട്ടേണ്ടതാണെന്നു തോമസ് ഐസക് പറഞ്ഞു. 29.6 ശതമാനം നികുതിയുണ്ടായിരുന്ന ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്ക്കു 12 % കുറഞ്ഞ് നികുതി 18 ശതമാനമായി. ശര്‍ക്കരയ്ക്കുണ്ടായിരുന്ന 7.6 ശതമാനവും ധാന്യപ്പൊടികളുടെ ( ബ്രാന്‍ഡ് ചെയ്യാത്ത ആട്ട, മൈദ) 5.7 ശതമാനവും നികുതി ഇല്ലാതായി.
പാല്‍ക്കട്ടിക്കും മിഠായികള്‍ക്കും സ്‌കൂള്‍ ബാഗുകള്‍ക്കും എല്‍പിജി സ്റ്റൗവിനും ആറു ശതമാനമാണു നികുതി കുറഞ്ഞത്. എല്‍ഇഡി ബള്‍ബിനു അഞ്ചു ശതമാനവും പഞ്ചസാര, ചന്ദനത്തിരി, ഹെല്‍മെറ്റ്, സിമന്റ് തുടങ്ങിയവയ്ക്കു നാലു ശതമാനവും നികുതിയില്‍ കുറവുണ്ടായെന്നു മന്ത്രി വ്യക്തമാക്കി. പരമാവധി വില്‍പ്പനവിലയേക്കാള്‍ (എംആര്‍പി) അധികം സാധനങ്ങള്‍ക്കു ഈടാക്കാന്‍ അനുവദിക്കില്ലെന്നും നിയമം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.