കൊല്‍ക്കത്ത: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി(ചരക്ക് സേവന നികുതി)യെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ജിഎസ്ടി എന്നാല്‍ ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ ആണെന്ന കടുത്ത വിമര്‍ശനമാണ് മമത ഉന്നയിച്ചത്.
ജി.എസ്.ടി ചരക്കുസേവന നികുതിയല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ ആണ് ജി.എസ്.ടി, മമത ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ജി.എസ്.ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് വന്‍ പ്രചാരം ലഭിച്ചിരുന്നു. ബോളിവുഡ് ഹിറ്റ് സിനിമയായ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രമായ കൊള്ളക്കാരന്‍ ഗബ്ബര്‍ സിങ്ങിനോട് ഉപമിച്ചാണ് രാഹുല്‍ ജി.എസ്.ടി.യെ പരിഹസിച്ചത്.
ജി.എസ്.ടി എന്നാല്‍ ‘ഗബ്ബര്‍ സിംഗ് ടാക്സ്’ എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
ഒരു വര്‍ഷം മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കറുത്ത പ്രൊഫൈല്‍ ചിത്രങ്ങളിട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കണമെന്നും അവര്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തു.