ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ധൃതിപിടിച്ച് നടപ്പിലാക്കിയ ജി.എസ്.ടിയും സാമ്പത്തിക വരുമാനത്തെ സാരമായി ബാധിച്ചതായി കേന്ദ്രം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍. അതേ സമയം 80,000- 85,000 കോടി മാത്രമേ റവന്യൂ വരുമാനമുണ്ടാകൂ എന്ന വിപണി വിലയിരുത്തലിനു മുകളിലാണ് വരുമാനം.
കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ജി.എസ്.ടി നടപ്പിലാക്കിയ ശേഷം ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ 25 വരെയുള്ള ജി.എസ്.ടി (ചരക്ക് സേവന നികുതി) റവന്യൂ വരുമാനം 90,670 കോടി രൂപയാണ്. അതേ സമയം ജൂലൈ മാസത്തെ റവന്യു വരവ് പരിഗണിക്കുമ്പോള്‍ ഇത് ഫലത്തില്‍ 5,000 കോടിയോളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
95,000 കോടി രൂപയായിരുന്നു ജൂലൈയിലെ റവന്യൂ വരവ്. ഇതോടൊപ്പം നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണത്തിലും കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 68.20 ലക്ഷം രജിസ്‌ട്രേഡ് നികുതിദായകരില്‍ 37.63 ലക്ഷം പേര്‍ മാത്രമാണ് ജി.എസ്.ടി ആര്‍ ബി ഫോറമനുസരിച്ച് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആഗസ്റ്റിലെ ജി.എസ്.ടി.ആര്‍ ബി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആയിരുന്നു. 90,670 കോടി ജി.എസ്.ടി വരുമാനത്തില്‍ 14,402 കോടി കേന്ദ്ര ജി.എസ്.ടിയും 21,067 കോടി സംസ്ഥാന ജി.എസ്.ടിയുമാണ്. ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി ലഭിച്ചത് 47,377 കോടി രൂപയാണ്. ജി.എസ്.ടി നഷ്ടപരിഹാരമായി സമാഹരിച്ചത് 7,823 കോടിയാണെന്നും സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.