കൊച്ചി: ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി വ്യാപക പരാതി. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് നികുതി ഈടാക്കാന്‍ കഴിയില്ലെന്നിരിക്കെ വന്‍ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ജിഎസ്ടി നടപ്പിലാകുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്. പലയിടത്തും ഹോട്ടല്‍ ഭക്ഷണത്തിന് തീ പിടിച്ച വിലയായി. ബില്‍ തുകയും കുത്തനെ ഉയര്‍ന്നു. പഴയ വിലയില്‍ നിന്ന് പഴയ നികുതി ഒഴിവാക്കിയേ ജിഎസ്ടി ചുമത്താവൂ എന്നിരിക്കേ നികുതിയടക്കം പഴയവില നിലനിര്‍ത്തിയ ശേഷമാണ് പല ഹോട്ടലുകളിലും ജിഎസ്ടി ഈടാക്കുന്നത്. ഇതോടെയാണു വില വലിയ തോതില്‍ വര്‍ധിച്ചത്. ജിഎസ്ടിയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് ധാരണയില്ലാത്തതും ഹോട്ടലുടമകള്‍ ചൂഷണം ചെയ്യുകയാണ്. കമ്പ്യൂട്ടറൈസ്ഡ് ബില്‍ നല്‍കാതെ എഴുതി തയ്യാറാക്കിയ ബില്‍ നല്‍കുന്നതും ചില ഹോട്ടലുകളില്‍ ബില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ അവര്‍ തന്നെ സൂക്ഷിക്കുന്നതും തര്‍ക്കത്തിന് കാരണമാകുന്നുണ്ട്.
ഹോട്ടലുകളുടെ ജിഎസ്ടി ചൂഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനകം പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ മൂവായിരത്തില്‍ താഴെ ഹോട്ടലുകള്‍ മാത്രമേ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളു. സംസ്ഥാനത്ത് നിലവില്‍ ഹോട്ടലുകള്‍ക്ക് വില നിയന്ത്രണ സംവിധാനമില്ല. ഭക്ഷ്യവസ്തുക്കള്‍ക്ക് പല വിലയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. വിലയില്‍ നിയന്ത്രണം വരാതെയും വിലവിവരപ്പട്ടിക ശരിയായി പ്രദര്‍ശിപ്പിക്കാതെയും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം അവശ്യ സാധനങ്ങള്‍ക്ക് വില കൂടിയതാണ് ഹോട്ടല്‍ ഭക്ഷണ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് ഹോട്ടലുടമകളുടെ വാദം. എ.സി ഇല്ലാത്ത ഹോട്ടലുകളില്‍ 12 ശതമാനം, എ.സി ഇല്ലാത്ത ഹോട്ടലുകളില്‍ (മദ്യം വിളമ്പിയാല്‍) 18 ശതമാനം, എ.സി ഹോട്ടലുകളില്‍ (മദ്യം വിളമ്പിയാലും ഇല്ലെങ്കിലും) 18 ശതമാനം, എ.സിയും നോണ്‍ എ.സിയും ഇടകലര്‍ന്ന ഹോട്ടലുകളില്‍ 18 ശതമാനം, ഫൈവ് സ്റ്റാര്‍28 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.
- 7 years ago
chandrika
Categories:
Video Stories
ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകളില്‍ വന്‍ ചൂഷണം പഴയ വില കുറക്കാതെ നികുതി ഈടാക്കുന്നു
Tags: GST