X
    Categories: MoreViews

ജി.എസ്.ടി വയറ്റത്തടിച്ച് തുടങ്ങി

 

പാചകവാതക സിലിണ്ടറിന് 32 രൂപ കൂട്ടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതി (ജി.എസ്.ടി) സാധാരക്കാരുടെ വയറ്റത്തടിച്ച് തുടങ്ങി.
ജി.എസ്.ടിയില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റു അവശ്യസാധനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചതിനു പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനും 32 രൂപ കൂടി.
ആറ് വര്‍ഷത്തിനിടെയുണ്ടാവുന്ന രാജ്യത്തെ ഏറ്റവും വലിയ വില വര്‍ധനവാണിത്. എല്‍.പി.ജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്നാട്, യു.പി, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാ സ്ഥാനങ്ങളിലാകും വില വര്‍ധിക്കുക. ഇപ്പോഴത്തെ ജി.എസ്.ടി നിരക്കിന് സമാനമായി കേരളത്തില്‍ നേരത്തെ തന്നെ വാറ്റ് നികുതി ഉണ്ടായിരുന്നതിനാല്‍ കേരളത്തില്‍ വില വ്യത്യാസം ഉണ്ടാകില്ല.
ഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോയുടെ സിലണ്ടറിന് 446.65 ആയിരുന്നത് ജൂലൈ ഒന്നു മുതല്‍ 477.46 ആയി വര്‍ധിച്ചു. മുന്‍ നികുതി സമ്പ്രദായം അനുസരിച്ച് വില്‍പന നികുതിയും മറ്റു നികുതികളും വെവ്വേറെ ആയിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്താകമാനം എക്‌സൈസ് തീരുവയില്‍ നിന്ന് പാചക വാതകത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
കേന്ദ്ര, സംസ്ഥാന നികുതി ഉള്‍പ്പടെ നിലവിലുണ്ടായിരുന്നതിന് പകരമായി ജി.എസ്.ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയെ കൂടാതെ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും സിലിണ്ടറിന് 31 രൂപ കൂടിയിട്ടുണ്ട്.
മുംബൈയില്‍ 14.28 രൂപ കൂടി സിലിണ്ടറിന്റെ വില 491.25 ലെത്തി. സബ്സിഡിയില്ലാത്ത സിലണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി. സബ്സിഡിയില്ലാത്ത സിലണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി. 2011 ജൂണ്‍ 25നാണ് ഇതിനു മുമ്പ് പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധനവുണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഒരു വര്‍ഷം 12 സിലിണ്ടറുകളാണ് ഉപഭോക്താവിന് സബ്‌സിഡി ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്.

chandrika: